pc-geroge

അയല്‍മണ്ഡലങ്ങളില്‍ മല്‍സരിച്ച അച്ഛനും മകനും തോറ്റു – പൂഞ്ഞാറില്‍ പി.സി.ജോര്‍ജും പാലായില്‍ ഷോണ്‍ ജോര്‍ജും. പാലായില്‍ ഷോണ്‍ ജോര്‍ജിനെ എതിരിട്ട കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണിയും തോറ്റു. പാലായില്‍ കേരള കോണ്‍ഗ്രസിന്റെ മക്കള്‍ പോരാട്ടമായിരുന്നെങ്കില്‍ ചവറയില്‍ ആര്‍എസ്പിയുടെ മക്കള്‍ പോരാട്ടത്തില്‍ ജയം ഷിബു ബേബി ജോണിനാണ്.  

കേരള കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ പോരാട്ടത്തില്‍ ജയിച്ചത് രണ്ടുപേര്‍. പിറവത്ത് വന്‍ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തിയ അനൂപ് ജേക്കബും പിതാവിന്റെ മണ്ഡലത്തില്‍ കന്നിപ്പോരാട്ടത്തിനിറങ്ങിയ അപു ജോണ്‍ ജോസഫും. ജോസ് കെ.മാണിക്കും ഷോണ്‍ ജോര്‍ജിനും പുറമെ പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാറും തോറ്റു.  വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ കഷ്ടിച്ച് കടന്നുകൂടിയപ്പോള്‍   പാര്‍ട്ടി മാറി ബിജെപിയിലെത്തിയ  സഹോദരി പത്മജ വേണുഗോപാലിന് ഇത് ഹാട്രിക് തോല്‍വിയാണ്. 2016ലും 2021ലും നിയമസഭയിലേക്കും 2004ല്‍ മുകുന്ദപുരത്ത് ലോക്സഭയിലേക്കും മല്‍സരിച്ച പത്മജ കൈഉപേക്ഷിച്ചിട്ടും അവരുടെ മോഹം വിരിഞ്ഞില്ല.  സ്വന്തം പിതാവിന് പോലും കിട്ടാത്തത്ര ഭൂരിപക്ഷത്തിലാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ വിജയം.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയം ആവര്‍ത്തിച്ചു.  ചിറ്റൂരില്‍ മുന്‍ സുമേഷ് അച്യുതന്റെ വിജയം   ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ എംഎല്‍എ എ.അച്യുതനുള്ള ആദരം കൂടിയാണ്. ഏറനാട് 2011ല്‍ ചാരിവച്ച കോണിയുടെ മുകളില്‍ നിന്ന് പി.കെ.ബഷീറിന് ഇത്തവണയും താഴെയിറങ്ങേണ്ടി വന്നില്ല. പിതാവ് സീതി ഹാജിയെപ്പോലെ തന്നെ ആ ചിരിയും ചിരിപ്പിക്കലും ബഷീര്‍ തുടരും. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും എംഎൽഎയുമായിരുന്ന ബി.എം. ഷെരീഫിന്റെ മകൾ  എം.എസ്.താര  കരുനാഗപ്പള്ളിയിലും പ്രമുഖ കോൺഗ്രസ് നേതാവ് തോപ്പിൽ രവിയുടെ മകന്‍ സൂരജ് രവി ചാത്തന്നൂരിലും തോറ്റു. പക്ഷേ, സ്വന്തം മണ്ഡലം ശരിക്കും ഞെട്ടിച്ചത് കീഴൂട്ട് ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ്കുമാറിനെയാണ്. കാല്‍ നൂറ്റാണ്ടായി ഡ്രൈവിങ് സീറ്റിലിരുന്ന, രണ്ടു മുന്നണികളിലും മാറി മാറി മന്ത്രിയായിരുന്ന ആളെയാണ് പത്തനാപുരംകാര്‍ ഇറക്കിവിട്ടത്. 

 

 

 

 

ENGLISH SUMMARY:

Malayala Manorama Online News covers the significant election results in Kerala, highlighting the defeats of prominent political figures' sons and the victories of others. The analysis delves into various constituencies and the outcomes of these closely watched electoral battles.