Untitled design - 1

ഫയല്‍ ചിത്രം

കന്‍റോണ്‍മെന്‍റ് ഹൗസില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക്  അകലം രണ്ടരകിലോമീറ്ററില്‍ താഴെ മാത്രം . ഈ രണ്ട് പുരാതന മന്ദിരങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ദൂരം ഗൂഗിള്‍ മാപ്പില്‍ തെളിയുന്നതല്ല. എന്നാല്‍ കേരളത്തിന്‍റെ രാഷ്ട്രീയമനസില്‍ ആ ദൂരം തെളിയും, അതേമനസ്  കന്‍റോണ്‍മെന്‍റ് ഹൗസില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കും. തിരിച്ചും വഴി തെളിക്കുകയും ചെയ്യും.

 

പത്തുവര്‍ഷത്തിന് ശേഷമാണ് കന്‍റോണ്‍മെന്‍റ് ഹൗസിലെ താമസക്കാരന്‍ ക്ലിഫ് ഹൗസിലേയ്ക്ക് വരുന്നത്. പത്തുവര്‍ഷമായി ക്ലിഫ് ഹൗസിന് ഫര്‍ലോങ് അകലെ ആളുകളെ തടഞ്ഞിടുന്ന ഇരുമ്പുവേലികള്‍ മായുമോയെന്നാണ് ആദ്യം അറിയേണ്ടത്. ആളുകളുടെ ആധാറും മൂലാധാരവും വരെ ചോദിച്ചറിയുന്ന പൊലീസുകാര്‍ മറയുമോയെന്നും.

 

പത്രാസ് കൂടുതല്‍ ക്ലിഫ് ഹൗസിനാണെങ്കിലും പൈതൃകം കൂടുതല്‍ കന്‍റോണ്‍മെന്‍റ് ഹൗസിനാണ്. 1800 കാലഘത്തിൽ ബ്രിട്ടീഷ് സൈനിക മേധാവിക്ക് വേണ്ടിയാണ് ഈ കെട്ടിടം നിര്‍മിച്ചത് രണ്ടുപതിറ്റാണ്ടിലേറെ പഴക്കം. തിരുവിതാംകൂർ പട്ടാളത്തെ പിരിച്ചുവിട്ട് ബ്രീട്ടീഷ് സൈന്യം ഭരണമേറ്റെടുക്കുന്നത് 1805ലാണ്. അതിന് ശേഷമാണ് കെട്ടിടം നിര്‍മിച്ചത് . യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിച്ച ഈ മന്ദിരത്തിന് പല കാലഘട്ടങ്ങളില്‍ പലരീതിയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും അടിസ്ഥാന ഘടന അതുപോലെ നിലനിലനിര്‍ത്തിയിട്ടുണ്ട്. രാജഭരണം ജനാധിപത്യത്തിന് വഴിമാറിയതോടെ പ്രമുഖ നേതാക്കളുടെ പാര്‍പ്പിടമായി ഈ മന്ദിരം മാറി. സി. കേശവൻ, പി.കെ. കുഞ്ഞ്, സി. അച്യുത മേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാര്‍,എ.കെ. ആന്‍റണി, ഉമ്മന്‍ചാണ്ടി,  വി.എസ്. അച്യുതാനന്ദൻ ഒടുവില്‍ രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ തുടങ്ങി നിരവധി നേതാക്കളുടെ തലസ്ഥാനവാസകേന്ദ്രമായും കാര്യാലയമായും കന്‍റോണ്‍മെന്‍റ് ഹൗസ് മാറി.

 

Also Read: 'പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ...'; രാഹുലിനൊപ്പമുള്ള ചിത്രവുമായി പി.കെ ഫിറോസ്

 

ചുരുക്കത്തില്‍ എതിര്‍പക്ഷനേതാക്കളുടെ കേന്ദ്രം. രാഷ്ട്രീയ നീക്കങ്ങളുടെയും പൊട്ടിത്തെറികളുടെയും തുറന്നുപറച്ചിലുകളുടെയും പ്രഭവകേന്ദ്രം.  ക്ലിഫ് ഹൗസിലെ താമസക്കാരനെതിരായ വിമര്‍ശനങ്ങളും ആരോപണങ്ങളും ആയിരുന്നു കൂടുതലും അവിടെ നിന്ന് ഉറവപൊട്ടിയിരുന്നത്. ചിലപ്പോഴൊക്കെ അല്ലാതെയും .പലര്‍ക്കും ഓര്‍മകാണും പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍റെ ആ വാര്‍ത്താസമ്മേളനം.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ് ഇന്ത്യയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ –മാര്‍ക്സിസ്റ്റ് രൂപീകരിച്ച സന്ദര്‍ഭത്തെക്കുറിച്ചും  , എസ്.എ ഡാങ്കെയുടെ ഏകാധിപത്യ പ്രവണതകളെക്കുറിച്ച് സാമാന്യം സവിസ്തരം വിശദീകരിച്ചതും  ഇതേ മന്ദിരത്തിലെ പൂമുഖത്തിരുന്നാണ് . അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിക്കാനായിരുന്നില്ലല്ലോ.....അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര രാഷ്ട്രീയകഥകള്‍ കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ ചുവരുകള്‍ അറിയുന്നുണ്ട്. 

 

നൂറുനൂറ്റിയിരുപതുവയസ് ഇളപ്പമാണ് ക്ലിഫ് ഹൗസിന് . തിരുവിതാംകൂർ രാജഭരണകാലത്ത് ദേവസ്വം വകുപ്പ് കയ്യാളിയിരുന്ന ദിവാൻ പേഷ്‌കാർക്ക് താമസിക്കാൻ  നിർമിച്ചതാണ് അത്.ഗാന്ധിജിയുടെ കേരള സന്ദര്‍ശനവേളയില്‍ ക്ലിഫ് ഹൗസില്‍ താമസിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍. ​സ്വാതന്ത്യ്രലബ്‌ധിക്കുശേഷം പൊതുമരാമത്ത് വകുപ്പ് മന്ദിരം ഏറ്റെടുത്തു അതിഥിമന്ദിരമാക്കി. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് വളപ്പ്. 1957 മുതൽ മുഖ്യമന്ത്രിമാരുടെ വസതിയായി. ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെ  ക്ലിഫ് ഹൗസിൽ താമസിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍കാലം ക്ലിഫ് ഹൗസില്‍ താമസിച്ചത് പിണറായി തന്നെ . ഏറ്റവും കൂടുതല്‍ സുരക്ഷയോടെ ഈ മന്ദിരം കാത്തുസൂക്ഷിച്ചതും ഇക്കാലത്ത് തന്നെ . പശുക്കള്‍ക്ക് പാട്ടുകേട്ടുതാമസിക്കാന്‍ ആധുനിക തൊഴുത്തുനിര്‍മിച്ചതാണ് അടുത്തകാലത്ത് ക്ലിഫ് ഹൗസിന് വാര്‍ത്തായിടം നേടിക്കൊടുത്തത്. 

 

പണ്ടേ വാര്‍ത്താതാരമാണ്  ഈ മന്ദിരം. കെ. കരുണാകരൻ നീന്തല്‍കുളം നിർമിച്ചത് അക്കാലത്ത് വലിയ വിവാദമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ താമസകാലത്താണ് ക്ലിഫ് ഹൗസിനു 'രാഷ്‌ട്രീയബാധ' കൂടുതൽ ഉണ്ടാവാറുള്ളതെന്ന് മലയാള മനോരമ മുന്‍ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്‍റ് ഇ. സോമനാഥ് എഴുതിയിട്ടുണ്ട് . അവരിൽത്തന്നെ കെ. കരുണാകരന്‍റെ കാലത്താണ് ക്ലിഫ് ഹൗസ് പ്രതാപത്തിന്‍റെ അത്യുച്ചകോടിയിൽ എത്തിയത്. കരുണാകരന്‍റെ കാലത്തു നിർമിച്ച കുളത്തിൽ തന്‍റെ നായ ടോമിയെ കുളിപ്പിക്കും എന്നായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവായ ഇ.കെ നായനാർ പറഞ്ഞത്. "വെറുതേ തട്ടിവിടുക മാത്രമല്ല, മുഖ്യമന്ത്രിയായി ആദ്യം ക്ലിഫ് ഹൗസിൽ ചെന്നപ്പോൾ ടോമിയെ നീന്തൽക്കുളം കാണിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്‌തത്. പട്ടിയെ അതിൽ കുളിപ്പിച്ചോ എന്നുമാത്രം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല" .-സോമനാഥ് എഴുതുന്നു.

 

കരുണാകരകാലത്ത് ഭരണകേന്ദ്രം ക്ലിഫ് ഹൗസ് ആയിരുന്നുവെന്നു പറഞ്ഞാൽ അതിശയോക്‌തിയല്ല. ആശ്രിതർ, ആരാധകർ, ഗ്രൂപ്പ് യോഗങ്ങൾ, തന്ത്രങ്ങൾ മെനയൽ എല്ലാംകൂടി അക്കാലങ്ങളിൽ ക്ലിഫ് ഹൗസ് സദാ സജീവം.കരുണാകരൻ 1995ൽ മുഖ്യമന്ത്രിപദം ഒഴിയുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങൾ ക്ലിഫ് ഹൗസ് ഉറങ്ങിയിട്ടില്ല.  മുഖ്യമന്ത്രിയുടെ ഭാവി സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ അക്കാലത്തു വാർത്ത ചോർത്താനായി ക്ലിഫ് ഹൗസിനു പുറത്തു ചുറ്റിക്കറങ്ങിയിരുന്ന പത്രക്കാർക്കും അന്ന് ഉറക്കമില്ലാത്ത രാവുകള്‍. അന്ന് പക്ഷേ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലെ കമ്പിവേലിയും പൊലീസുകാരുടെ അഭിമുഖപ്പരീക്ഷയും ഇല്ലായിരുന്നുവെന്ന് മാത്രം. 

 

എന്നാല്‍ എല്ലാ മുഖ്യമന്ത്രിമാരും ക്ലിഫ് ഹൗസില്‍ താമസിക്കണമെന്ന റൂളിങ്ങൊന്നുമില്ല.19 77ൽ എ.കെ. ആന്‍റണി ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ  അജന്ത എന്ന വസതിയിലായിരുന്നു താമസം.1995-ൽ കരുണാകരൻ രാജിവച്ചതിനെത്തുടർന്ന്  ആന്‍റണി വീണ്ടും മുഖ്യമന്ത്രിയായപ്പോൾ വഴുതക്കാട്ടെ സ്വവസതിയായ അഞ്‌ജനമായിരുന്നു ഔദ്യോഗിക വസതി.2005-06 ല്‍ ആന്‍റണി രാജിവച്ചതിനെത്തുടർന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും ജഗതിയിലെ സ്വന്തം വീടായ പുതുപ്പള്ളി ഹൗസാണ്  ഔദ്യോഗിക വസതിയായി ഉപയോഗിച്ചത്. ഒരു വർഷത്തിനു ശേഷമാണു  ഉമ്മൻ ചാണ്ടി ക്ലിഫ്‌ഹൗസിലേക്കു മാറിയത്. 2011 ല്‍ കഷ്ടിച്ച് 72 സീറ്റുമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ആദ്യവര്‍ഷം അദ്ദേഹം ക്ലിഫ് ഹൗസില്‍ താമസിച്ചില്ല.

 

2016 മുഖ്യമന്ത്രിയായ പിണറായി വിജയനുമാത്രമാണ് തുടര്‍ച്ചയായി പത്തുവര്‍ഷം ക്ലിഫ് ഹൗസിന്‍റെ നാഥനാകാന്‍ കഴിഞ്ഞത്.ഇക്കാലയളവിലെ ക്ലിഫ് ഹൗസ് സാമൂഹിക അകലംപാലിച്ച് സ്വസ്ഥമായി നിലകൊണ്ടു. സമര–പ്രതിഷേധ വര്‍ഗക്കാരുടെ മുദ്രാവാക്യം വിളികള്‍ പോലും വിളിപ്പാടകലെ തടയപ്പെട്ടു. അങ്ങനെ ശബ്ദംകൊണ്ടുപോലും മലിനപ്പെടാതെ കഴിഞ്ഞു. അങ്ങനെ കാത്തുസൂക്ഷിച്ച ഗൃഹനാഥനെ യാത്രയാക്കാന്‍ ക്ലിഫ് ഹൗസിനും വിഷമം കാണും .ഒരുപതിറ്റാണ്ട് അഭയം നല്‍കിയ വീട് ഒഴിയാന്‍ അതിനെ പൊന്നുപോലെ നോക്കിനടത്തിയ നാഥനും. പക്ഷേ അതൊക്കെ തീരുമാനിക്കേണ്ടത് ജനമാണല്ലോ. കന്‍റോണ്‍മെന്‍റ് ഹൗസില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക്  അകലം രണ്ടരകിലോമീറ്ററില്‍ താഴെയാണെങ്കിലും ഇവ തമ്മിലുള്ള രാഷ്ട്രീയ ദൂരം നിശ്ചയിക്കുന്നത് അവരാണല്ലോ 

ENGLISH SUMMARY:

Cantonment House to Cliff House, this article delves into the rich political history and the close proximity of these two significant buildings in Kerala. It explores the historical transitions and political significance associated with each, highlighting their role as centers of power and political discourse.