രാജ്യമൊന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാതിര‍ഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. സംസ്ഥാനത്ത് 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റുകള്‍ കൗണ്ടിങ് ടേബിളുകളില്‍ എത്തിച്ചു. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഫലം സംബന്ധിച്ച ആദ്യവിവരങ്ങള്‍ കൗണ്ടിങ് സെന്‍ററുകളില്‍ നിന്ന് പുറത്തുവരാന്‍ 15 മിനിറ്റിലേറെ സമയമെടുക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളാണെങ്കില്‍ ആദ്യലീഡ് വരുന്നത് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുമ്പോഴാണ്. നടപടിക്രമങ്ങളിലെ സമയവ്യത്യാസമാണ് ഇതിന് കാരണം.

സംസ്ഥാനത്ത് 140 നിയമസഭാമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 294 മണ്ഡലങ്ങളുള്ള ബംഗാളിലും 234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടിലും 126 മണ്ഡലങ്ങളുള്ള അസമിലും 30 സീറ്റുള്ള പുതുച്ചേരിയിലും കേരളത്തിനൊപ്പമാണ് വോട്ടെണ്ണല്‍. പതിറ്റാണ്ടുകള്‍ക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിര‍ഞ്ഞെടുപ്പിന്‍റെ പരിസമാപ്തിയാണ് ഇന്നത്തെ വോട്ടെണ്ണല്‍. ചരിത്രംകുറിച്ച് രണ്ടുവട്ടം തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുമുന്നണിയെ കേരളം ഒരുവട്ടം കൂടി അധികാരത്തിലേറ്റിയാല്‍ സമാനതകളില്ലാത്ത നേട്ടമാകും അത്. ഒരുപതിറ്റാണ്ട് അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പുഫലം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ബിജെപിക്ക് കിട്ടുന്ന ഏതുസീറ്റും കേരളത്തില്‍ അവരുടെ ഭാവി മുന്നേറ്റത്തിന് അടിത്തറയാകുകയും ചെയ്യും.

പ്രതീക്ഷ കൈവിടാതെ കരുതലോടെയാണ് എല്‍ഡിഎഫിന്‍റെ പ്രതികരണങ്ങള്‍. ഭരണത്തുടര്‍ച്ച ഉറപ്പെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. മറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയപ്രതീക്ഷയില്‍ ആഘോഷത്തിനൊരുങ്ങിയിരിക്കുകയാണ് യുഡിഎഫ് ക്യാംപ്. അതേസമയം, വലിയ തിരച്ചടി ഇന്ന് സിപിഎമ്മിന് കിട്ടുമെന്നും മല്‍സരഫലം ടിപിയുടെ കൊലയാളികള്‍ക്കുള്ള ശിക്ഷയാകുമെന്നും കെ.കെ.രമ പ്രതികരിച്ചു. ടി.പി.ചന്ദ്രശേഖരന്റെ പതിനാലാം ചരമവാര്‍ഷികമാണിന്ന്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ മുഖവും മുനയും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുഫലത്തിന്‍റെ ഉത്തരവാദിത്തവും അദ്ദേഹത്തിന് തന്നെയായിരിക്കും. എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവായി എത്തുമോ എന്ന ചോദ്യവും അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്. പരാജയപ്പെട്ടാലാണ് എല്‍ഡിഎഫിനും സിപിഎമ്മിനും തലപുകയ്ക്കേണ്ടിവരികയെങ്കില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ജയമാകും കൂടുതല്‍ തലവേദന. ആര് മുഖ്യമന്ത്രിയാകും എന്നതില്‍ ഒരുകാലത്തുമില്ലാത്ത മല്‍സരവും പോരാട്ടവുമാണ് ഫലം വരുന്നതിന് മുന്‍പുതന്നെ നടക്കുന്നത്. ഇക്കുറി കരുത്തുതെളിയിച്ചില്ലെങ്കില്‍ ബിജെപിയുടെ കേരളനേതൃത്വത്തില്‍ ചൂടുള്ള ഒരുപാട് ചോദ്യങ്ങള്‍ ദേശീയനേതൃത്വത്തില്‍ നിന്ന് നേരിടേണ്ടിവരും. ഒന്നിലേറെ സീറ്റുകള്‍ നേടിയാല്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന പേര് ദേശീയതലത്തില്‍ത്തന്നെ തിളങ്ങും.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 62 സീറ്റ് നേടിയ സിപിഎമ്മും 17 സീറ്റ് നേടിയ സിപിഐയും ഇക്കുറി മിക്ക സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കിയിരുന്നു. അവരുടെ പ്രകടനമാകും അന്തിമഫലത്തില്‍ നിര്‍ണായകമാകുക. പകുതിയിലേറെ മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ഉറപ്പുമില്ല എന്നാണ് മുന്നണി നേതൃത്വത്തിന്‍റെ ചിന്ത. കോണ്‍ഗ്രസിന് 2021ല്‍ 21 സീറ്റ് മാത്രമേ നേടാനായിരുന്നുള്ളു. 15 സീറ്റ് നേടിയ മുസ്‍ലിം ലീഗാണ് യുഡിഎഫിന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഇക്കുറി കോണ്‍ഗ്രസ് രണ്ടിരട്ടി സീറ്റുകള്‍ നേടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുന്ന നിലയുണ്ടാകും. അതുതന്നെയാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രധാന ആശങ്ക.

ട്വന്‍റി ട്വന്‍റിയെ മുന്നണിയിലെത്തിച്ച് നടത്തിയ പരീക്ഷണത്തിന്‍റെ ഫലപ്രാപ്തി ബിജെപി നേതൃത്വവും ഉറ്റുനോക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യാന്‍ മടിച്ചിരുന്നു ജനവിഭാഗങ്ങളെ ട്വന്‍റി ട്വന്‍റി വഴി എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള നീക്കത്തോട് മധ്യകേരളത്തിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ബിജെപിയുടെ ഭാവി പദ്ധതികളില്‍ നിര്‍ണായകമാകും.

ENGLISH SUMMARY:

Counting of votes for the 2026 Kerala Assembly elections began at 8 AM today, May 4, across 43 centers. Early trends from postal ballots suggest a slight edge for the UDF in several constituencies, though these are initial indicators and likely to change as EVM counting picks up speed. With a high voter turnout of 79.7%, the battle is intensely fought between the ruling LDF, which seeks a historic third term, and the UDF, which aims to regain power after ten years. Most exit polls have predicted a comeback for the UDF, citing anti-incumbency and economic concerns as key factors. However, the LDF remains confident that its welfare schemes and infrastructure projects will secure another victory. The final picture is expected to emerge by noon as rounds of EVM counting conclude.