ഫയല്‍ ചിത്രം
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുമ്പ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മനപ്പൂർവ്വം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി മമത ആരോപിച്ചു. വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്ക് പുറത്ത് പാർട്ടി പ്രവർത്തകരോട് കാവല്‍ നില്‍ക്കാനും ജാഗ്രത പാലിക്കാനും മമത എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഹൂഗ്ലിയിലെ സെറാംപൂർ, നാദിയയിലെ കൃഷ്ണനഗർ, ബർദ്വാനിലെ ഓസ്ഗ്രാം, കൊൽക്കത്തയിലെ ക്ഷുദിറാം അനുശീലൻ കേന്ദ്രം എന്നിവിടങ്ങളിൽ പലതവണ വൈദ്യുതി തടസമുണ്ടാകുകയും സിസിടിവി ക്യാമറകൾ ഓഫാക്കുകയും ചെയ്തതായി മമത ആരോപിക്കുന്നു. സ്ട്രോങ് റൂം പരിസരത്ത് നിന്ന് വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും നീങ്ങുന്നത് കാണുകയും ചെയ്തതായി റിപ്പോർട്ടുകൾ ലഭിച്ചതായും എക്‌സിലെ പോസ്റ്റിൽ മമത പറയുന്നു. എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരാതി നൽകണമെന്നും മമത പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നും മമത ആരോപിച്ചു. ആറുമണിക്കൂര്‍ മുന്‍പ് അര്‍ദ്ധരാത്രിയോടെയായിരുന്നു മമതയുടെ പോസ്റ്റ്.
അതേസമയം, ബംഗാളില്‍ എട്ടുമണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ബംഗാളില്‍ 293 മണ്ഡലങ്ങളിലേക്ക് 77 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഓരോ ടേബിളിനും ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ 533 പേരെ നിയോഗിച്ചിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. 200 കമ്പനി കേന്ദ്രസേന സ്ട്രോങ് റൂമുകള്‍ക്ക് കാവല്‍ നില്‍ക്കുന്നുണ്ട്. അസമില്‍ 126 മണ്ഡലങ്ങളിലേക്ക് 40 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. 5,981 ഉദ്യോഗസ്ഥരും 2,348 മൈക്രോ നിരീക്ഷകരും ഉണ്ടാവും.
ബംഗാളിലെ മത്സര ചിത്രം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നുവെങ്കിൽ യഥാർഥ മത്സരം കേന്ദ്രവും ബംഗാൾ സർക്കാറും തമ്മിലായിരുന്നു എന്ന് പറയാം. സംസ്ഥാന ഭരണത്തിലരുന്ന മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും കേന്ദ്ര സേനകളോടും കോടതിയോടും മത്സരിച്ചതിന്റെ തുടർച്ചയാണ് പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇരുപക്ഷവും കട്ടയ്ക്ക് അടിച്ചു നിന്ന തിരഞ്ഞെടുപ്പിൽ ജയം ആരുടെ കൂടെയെന്ന് പ്രവചിക്കുക അസാധ്യം.