സ്വാതന്ത്ര്യാനന്തരം ആദ്യമായി ബംഗാള്‍ ബി.ജെ.പി ഭരണത്തിലേക്ക്. 294 സീറ്റില്‍ 200 ഉം ജയിച്ച് ചരിത്രമെഴുതിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ഇതോടെ ഒന്നരപ്പതിറ്റാണ്ട് ഭരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 90 ല്‍ താഴെ സീറ്റില്‍ ഒതുങ്ങി. അതേസമയം, കോണ്‍ഗ്രസും ഇടതുപക്ഷവും വീണ്ടും നിയമസഭയില്‍ സാന്നിധ്യമറിയിച്ചു. ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. 

എക്സിറ്റ് പോളുകളെയും മറികടന്നാണ് ബിജെപിയുടെ ആധികാരിക വിജയം. ത്രിതല സുരക്ഷയില്‍ അതീവ ജാഗ്രതയിലായിരുന്നു വോട്ടെണ്ണല്‍.  പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തൃണമൂലുമായി ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ പതിയെ ബി.ജെ.പി ലീഡ് പിടിക്കാന്‍ തുടങ്ങി. നൂറും നൂറ്റി അന്‍പതും കടന്ന് മുന്നോട്ടുപോയതോടെ വിജയമുറപ്പിച്ചു. സിറ്റിങ് സീറ്റായ നന്ദിഗ്രാമില്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഭവാനിപുരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചു. മന്ത്രിമാരില്‍ പലരും പരാജയം അറിഞ്ഞു. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് പീനഡത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മയും പാനിഹട്ടിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ രത്ന ദേബ്നാഥ് അടക്കമുള്ളവര്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു.

അതേസമയം, വോട്ടുകള്‍ ബി.ജെ.പി കൊള്ളയടിച്ചെന്നാരോപിച്ച മമത ബാനര്‍ജി രോഷാകുലയായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പാഞ്ഞെത്തി. പാര്‍ട്ടിയുടെ കൗണ്ടിങ് ഏജന്റുമാരെ പുറത്താക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയും കൗണ്ടിങ് സെന്ററില്‍ ഉണ്ടായിരുന്നു. നാടകീയ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. ഫലം വന്നതിന് പിന്നാലെ കൊല്‍ക്കത്തയില്‍ പലയിടത്തും ബി.ജെ.പി– തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കോണ്‍ഗ്രസ് രണ്ടിടത്തു വിജയിച്ചെങ്കിലും പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പരാജയപ്പെട്ടു. സി.പി.എം ഒരിടത്തു ജയിച്ചു. തൃണമൂല്‍ വിട്ട് എ.ജെ.യു.പി. രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മല്‍സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചെങ്കിലും പാര്‍ട്ടിയുടെ മറ്റ് സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടു.

ബം​ഗാളിലെ മത്സര ചിത്രം തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിലായിരുന്നുവെങ്കിൽ യഥാർഥ മത്സരം കേന്ദ്രവും ബം​ഗാൾ സർക്കാറും തമ്മിലായിരുന്നു. സംസ്ഥാന ഭരണത്തിലരുന്ന മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും കേന്ദ്ര സേനകളോടും കോടതിയോടും മത്സരിച്ചതിന്റെ തുടർച്ചയാണ് പശ്ചിമബം​ഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

കേന്ദ്ര ഇടപെടലുകളിൽ ബംഗാളിനെ ഏറ്റവും ബാധിച്ചത് എസ്ഐആറായിരുന്നു. ഇത് തൃണമൂലിന്റെ വോട്ട് ബാങ്കുകളെ ലക്ഷ്യമിട്ടാണെന്നാണ് ആരോപണം. വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേരാണ് പുറത്തുപോയത്. 60 ലക്ഷത്തിലധികം പേരെ മരിച്ചവരെന്ന കണക്കിലാണ് ഉൾപ്പെടുത്തിയത്. 27 ലക്ഷം പേരുടെ വോട്ടവകാശം ട്രൈബ്യൂണൽ പരി​ഗണനയിലാണ്. വോട്ടവകാശം നഷ്ടമായവരിൽ ഏകദേശം 65 ശതമാനവും മുസ‍്‍ലിം വിഭാ​ഗക്കാരാണ്. മതുവ സമുദായത്തിൽ നിന്നുള്ള ദളിതരും സ്ത്രീകളമാണ് പുറത്തായവരിൽ കൂടുതൽ. മണ്ഡലങ്ങളുടെ സ്വഭാവമനുസരിച്ച് ഇവരെ തന്ത്രപൂർവം നീക്കിയെന്നാണ് തൃണമൂലിന്റെ ആരോപണം.

ജയ് ശ്രീറാം മുദ്രാവാക്യമാണ് ബിജെപി ബം​ഗാളിലും ഉപയോ​ഗിച്ചത്. ജയ് ബംഗ്ല മുദ്രാവാക്യവുമായാണ് തൃണമൂൽ ഇതിനെ ചെറുത്തത്. ഹിന്ദു വോട്ടുകളിൽ നഗരമേഖലയിൽ ബിജെപിക്ക് ആധിപത്യമുണ്ട്. ഗ്രാമീണമേഖലയിൽ സ്വാധീനം കുറവ്. ഗ്രാമീണ വോട്ടുകളിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ചതോടെ മമത സർക്കാർ വീണു.

മമതയുടെ വോട്ടു ബാങ്കായ വനിതകളെ ദീദിയിൽ നിന്നും തിരിക്കാൻ‌ ബിജെപി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ആർ.ജി.കർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയുടെ അമ്മ, സന്ദേശ്ഖലി അക്രമത്തിന്റെ ഇര തുടങ്ങിയവരെ ബിജെപി സ്ഥാനാർഥികളാക്കിയത്.

West Bengal Election Results 2026:

In a historic shift, the BJP has seized power in West Bengal for the first time, winning 200 of the 294 Assembly seats and ending 15 years of Trinamool Congress (TMC) rule. Mamata Banerjee’s TMC was relegated to fewer than 90 seats, while the Left and Congress managed to regain a minor presence in the house. The election was marked by high drama, including Mamata Banerjee’s confrontation at a counting center over allegations of vote looting and targeted voter deletions via the controversial Systematic Intensive Revision (SIR). Key victors included Suvendu Adhikari and Ratna Debnath (mother of the R.G. Kar victim), whose win symbolized the public outcry against recent atrocities. Despite the TMC’s "Jai Bangla" campaign, the BJP’s consolidation of rural Hindu votes and strategic appeal to female voters proved decisive. Following the results, sporadic violence broke out across the state, highlighting the deep political polarization of this landmark election.