സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടയായ ധര്‍മടത്ത് ഇക്കുറി എല്‍ഡിഎഫിന്‍റെ ക്യാപ്റ്റന്‍ വിയര്‍ത്തു. ഒന്നല്ല..ആദ്യ ആറ് റൗണ്ടുകളിലാണ് പിണറായി വിജയന്‍ പിന്നിലായത്. 50,123 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 2021ല്‍ ജയിച്ചുകയറിയ മുഖ്യനെ 19,247 ഭൂരിപക്ഷത്തില്‍ തളച്ചത് ഒരു യുത്തനാണ്. കണ്ണൂരിലെ ചെങ്കോട്ടയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി.അബ്ദുല്‍ റഷീദ്.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലം, സാക്ഷാല്‍ പിണറായി വിജയനെ നേരിടാന്‍ യുഡിഎഫ് രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ കണ്ണൂരിലെ യുവ മുഖത്തെ. 2021–ല്‍ സിപിഎം കോട്ടയായ തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്‍റെ ഭൂരിപക്ഷം പകുതിയോളം കുറച്ച വി.പി.അബ്ധുല്‍ റഷീദിനെ. കോണ്‍ഗ്രസിനും യുഡിഎഫിനും തെറ്റിയില്ല, മുന്‍പെങ്ങുമില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ഇക്കുറി ധര്‍മ്മടം സാക്ഷ്യം വഹിച്ചത്.
കെ.സുധാകരൻ മുതൽ ഷാഫി പറമ്പിൽ വരെ, പിണറായി വിജയന്‍റെ തേരോട്ടം തടയാന്‍ കോണ്‍ഗ്രസ് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒടുവിലാണ് അബ്ദുല്‍ റഷീദിന് നറുക്ക് വീണത്. തളിപ്പറമ്പില്‍ റഷീദ് വിണ്ടും മല്‍സരത്തിനിറങ്ങുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും, സിപിഎം വിമതന്‍ ടി.കെ.ഗോവിന്ദന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ ആ സാധ്യത ഇല്ലാതായി. തളിപ്പറമ്പില്‍ അന്ന് തോറ്റെങ്കിലും ‘ജയന്റ് കില്ലർ’ ഇമേജ് നേടിയ റഷീദ് ഇത്തവണ ധര്‍മ്മടത്തും പോരാട്ടം ആവര്‍ത്തിച്ചു.
അബ്ദുള്‍ റഷീദിനെ ആദ്യം അവഗണച്ച സിപിഎമ്മും സിഎമ്മും പിന്നീട് മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തവണ ധര്‍മ്മടത്തെത്തി പ്രചാരണം നടത്തി. പ്രാദേശിക കൺവെൻഷനുകൾ പൂർത്തിയാക്കിയശേഷം മറ്റു മണ്ഡലങ്ങിളിലേക്ക് പ്രചാരണത്തിനായി പോയ മുഖ്യമന്ത്രി വീണ്ടും ധര്‍മ്മടത്തെത്തിയത് രാഷ്ട്രീയ കൗതുകമായിരുന്നു. സ്ഥാനാര്‍ഥി അല്പം ലേറ്റായിട്ടാണ് വന്നതെങ്കിലും പെട്ടെന്ന് കളം പിടിക്കാന്‍ യുഡിഎഫിനായി.
50,123 വോട്ടായിരുന്നു 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍റെ ഭൂരിപക്ഷം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് കുത്തനെ കുറച്ചുകൊണ്ടുവരാന്‍ യുഡിഎഫിനായി. കെ.സുധാകരനും എം.വി. ജയരാജനും മത്സരിച്ച 2024-ലെ തിരഞ്ഞെടുപ്പിൽ 2616 വോട്ട് മാത്രമാണ് മണ്ഡലത്തിൽ എൽഡിഎഫിന്‍റെ ലീഡ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള തിരഞ്ഞെടുപ്പാണെങ്കിലും ഇത് യുഡിഎഫിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ആ കരുത്തില്‍ തന്നെയായിരുന്നു വി.പി.അബ്ദുല്‍ റഷീദിന്‍റെ പോരാട്ടവും. ജയിക്കാനായില്ലെങ്കില്‍ ജയത്തോളം പോകുന്ന തോല്‍വിയാണ് കണ്ണൂരിലെ ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കുറി സ്വന്തമാക്കിയത്. പുലിയുടെ മടയില്‍ കയറി വിറപ്പിച്ച പോരാളിക്ക് യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി നല്‍കില്ലെന്നും പ്രവര്‍ത്തകര്‍ കരുതുന്നു.