പിണറായി വിജയൻ പറഞ്ഞാൽ എതിർ സ്വരം  ഇല്ലെന്ന പ്രവണത സിപിഎമ്മിൽ മാറ്റുകയാണ് വിഴിഞ്ഞം. പിണറായിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞ നിലപാടുകൾക്ക് വിരുദ്ധമായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ രംഗത്ത് വന്നത് പിണറായിയെ തിരുത്താൻ പാർട്ടിയിൽ ആരുമില്ലാതെയില്ല എന്ന ധ്വനി കൊടുക്കാനാണ്. പത്തുവർഷം അധികാരത്തിൽ ഇരുന്നപ്പോൾ തിരുവായ്ക്ക് എതിർവാ ഇല്ലായിരുന്നു. അധികാരത്തിൽ ആയതിനാൽ പദവികളും അച്ചടക്ക നടപടികളും പലരുടെയും പ്രതികരണങ്ങളെ നിശബ്ദമാക്കി. അധികാരത്തിൽ നിന്ന് പോയിട്ടും വീഴ്ചകൾ ഏറ്റെടുക്കാതെ പിണറായി വിജയൻ പ്രതിപക്ഷ നേതാവായതും സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കി പാർട്ടിയെ ആകെ എം.വി.ഗോവിന്ദൻ കുളം തോണ്ടിയതുമാണ് കണ്ണൂരിൽ നിന്ന് തന്നെ എതിർ സ്വരങ്ങൾ ഉയർന്നു തുടങ്ങാൻ കാരണം. 

ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും പാർട്ടി വിട്ടു പോയപ്പോൾ തുടങ്ങിയ കണ്ണൂർ പാർട്ടിയിലെ തർക്കം വിഴിഞ്ഞത്ത് എത്തുമ്പോൾ പിണറായിക്കെതിരെയും ഗോവിന്ദനെതിരെയും ആയുധമാക്കുകയാണ് ഇ.പി ജയരാജനും സംഘവും. അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ വെറുതെ ഉന്നയിച്ച് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ട എന്നതാണ് ഇ.പി ജയരാജന്റെ ലൈൻ. കണ്ണൂരിലെ തന്നെ മുതിർന്ന നേതാക്കളായ പി.കെ.ശ്രീമതിയും കെ.കെ.ശൈലജയും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് പിണറായി വിജയനെയും എം.വി.ഗോവിന്ദനെയും നേരിടുന്നത്. 

കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ.ശ്രീമതിയോട് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടെന്ന് പിണറായി പറഞ്ഞതിന്റെ പഴയ അമർഷം ശ്രീമതിക്കുണ്ട്. മത്സരിക്കാൻ താല്പര്യമില്ലാതിരുന്നിട്ടും തന്നെ തളിപ്പറമ്പിൽ മത്സരിപ്പിച്ച പരാജയപ്പെടുത്തിയതിന്റെ അമർഷം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ നേരത്തെ കെ.കെ.ശൈലജ പങ്കുവെച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് വിഴിഞ്ഞത്ത് അനാവശ്യ വിവാദം ഉണ്ടാക്കി പാർട്ടിയെ ഇനിയും പിന്നോട്ട് കൊണ്ടുപോകരുതെന്ന ശൈലജയുടെ നിലപാടിന് പിന്നിൽ. 

രാഗേഷിന് വിഴിഞ്ഞത്ത് എന്തു കാര്യം? 

വിഴിഞ്ഞത്ത് ഓഹരി കൈമാറ്റത്തെ സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്കിടെ ദിവ്യ എസ്.അയ്യരെ എംഡി സ്ഥാനത്തുനിന്ന് മാറ്റിയത് അദാനിക്ക് വേണ്ടിയാണെന്ന കെ.കെ.രാഗേഷിന്റെ ആരോപണം അസ്ഥാനത്തായിരുന്നു എന്നാണ് ശ്രീമതിയുടെയും ശൈലജയുടെയും നിലപാട്. കണ്ണൂരിലെ കാര്യങ്ങളിൽ ഇടപെടേണ്ട കണ്ണൂര്‍ ജില്ല സെക്രട്ടറി തിരുവനന്തപുരത്ത് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ എന്തിന് ഇടപെടണം എന്നതാണ് ഇത് നേതാക്കളുടെയും വികാരം. പാർട്ടി സംസ്ഥാന നേതാവായി സ്വയം ചമയാനുള്ള രാഗേഷിന്റെ നീക്കം ആണെന്ന് കണ്ണൂരിലെ നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. 

വിഴിഞ്ഞവും ഇടതുമുന്നണിയും; ആ കുപ്പായം ഇനിയും വേണോ ?’

ഉമ്മൻചാണ്ടി സർക്കാർ 2015 കരാർ ഒപ്പിട്ട് പോയതിനുശേഷം 2016ൽ അധികാരത്തിലെത്തിയ ഇടതു മുന്നണി സർക്കാർ ആണ് വിഴിഞ്ഞത്തെ മുന്നോട്ടു നയിച്ചത്. പല പ്രതിസന്ധികൾ ഉണ്ടായപ്പോഴും ആദ്യ പിണറായി സർക്കാരിലെയും രണ്ടാം പിണറായി സർക്കാരിലെയും തുറമുഖ മന്ത്രിമാർ സമയോചിതമായി ഇടപെടുകയും പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാൻ മുൻകൈയെടുക്കുകയും ചെയ്തു. വിഴിഞ്ഞം യാഥാർത്ഥ്യമായപ്പോൾ ‘അദാനി ഈസ് പാർട്ണർ’ എന്നാണ് തുറമുഖ മന്ത്രിയായിരുന്ന വി.എൻ.വാസവൻ പറഞ്ഞത്. എന്നാൽ അധികാരത്തിൽ നിന്നും പോയ ഉടനെ അതേ അദാനി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിയെ കൊണ്ട് വിഴിഞ്ഞത്ത് നിക്ഷേപം ഇറക്കിക്കാൻ തുനിയുമ്പോൾ അതിനെ എതിർക്കേണ്ടതുണ്ടോ എന്നാണ് സിപിഎമ്മിലെ പ്രധാന ചർച്ച. 

സിപിഎം എല്ലാകാലത്തും നേരിട്ട വികസന വിരോധികൾ എന്ന ആക്ഷേപം കഴുകി കളയാൻ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്ന വികാരമാണ് ഇ പി ജയരാജൻ പലരോടും പങ്കുവെച്ചിരിക്കുന്നത്. വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തെ എതിർത്തുകൊണ്ട് കംപ്യൂട്ടർ ഉൾപ്പെടെ പണ്ട് തള്ളി പൊളിച്ചവർ വീണ്ടും അതേ സ്വഭാവത്തിൽ ഇറങ്ങിയിരിക്കുന്നു എന്ന വികാരം ജനങ്ങൾക്ക് കൊടുക്കണോ എന്നതാണ് പിണറായി വിജയനെയും എം.വി.ഗോവിന്ദനെയും എതിർക്കുന്നവർ ചോദിക്കുന്നത്. അദാനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അദാനി വിഴിഞ്ഞം കമ്പനിയുടെ 74 ശതമാനം വരെ ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറുന്നത് തടസ്സമില്ല. എന്നിട്ടും 49% ഓഹരി കൈമാറുമ്പോൾ അതിനകത്ത് വിവാദം ഉണ്ടാക്കാൻ പോയാൽ നിക്ഷേപത്തെ പിന്നോട്ട് അടിച്ചവർ എന്ന ആക്ഷേപം എൽഡിഎഫ് കേള്‍ക്കുമെന്നതാണ് ഇ.പി.ജയരാജന്റെ ഒരു വാദം. വിഴിഞ്ഞത്തിന്റെ ഓഹരി അല്ല കൈമാറുന്നത് എന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പാർട്ടി സെക്രട്ടറി എന്ന വികാരവും ഇ.പി.ജയരാജനുണ്ട്. 

അതിനപ്പുറത്തേക്ക് വിഴിഞ്ഞത്തിന്റെ ഇനിയുള്ള എല്ലാ ക്രെഡിറ്റും യുഡിഎഫ് കൊണ്ടുപോകുമെന്നും മുന്നോട്ടുള്ള പ്രയാണത്തെ എതിർത്തവരായി എൽഡിഎഫിനെ മുദ്രകുത്തും എന്നുള്ളതാണ് ഇ.പി ചില മുതിർന്ന നേതാക്കളോട് പങ്കുവെച്ച് വികാരം. പാർട്ടിയിൽ ഒരുതരത്തിലുള്ള കൂടിയാലോചനയും ഇല്ലാതെയാണ് വിഴിഞ്ഞത്ത് പിണറായി വിജയനും എം.വി.ഗോവിന്ദനും നിലപാടെടുത്തത് എന്നതും ചിലരുടെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്

ദേശാഭിമാനിയും സിപിഎമ്മും

ദേശാഭിമാനി പത്രം വിഴിഞ്ഞത്ത് നിക്ഷേപത്തെ പ്രശംസിച്ച് എഴുതിയപ്പോൾ അതിനെ തള്ളിപ്പറയാനാണ് പിണറായി വിജയനും എം.വി.ഗോവിന്ദനും  തുനിഞ്ഞത്. പത്രം വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ എഴുതിയതാകാമെന്നും അവരത് തിരുത്തുമെന്നും നേതാക്കൾക്കും പറയാമായിരുന്നു. എന്നാൽ ദേശാഭിമാനി അങ്ങനെ എഴുതാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് എം.വി.ഗോവിന്ദൻ പാർട്ടി പത്രത്ത തള്ളുകയായിരുന്നു. പാർട്ടി പത്രത്തിൽ പാർട്ടിയുടെ ഇടപെടൽ കൂടുതൽ വേണ്ടിവരുമെന്നും എം.വി.ഗോവിന്ദൻ സൂചന നൽകി. പത്രത്തിന്റെ ചുമതലയുള്ള പുത്തലത്ത് ദിനേശനേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജിനെയും ഇത് അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിലപാടുകളും ഇ.പിയിലൂടെ പുറത്തുവന്നതായിട്ടാണ് സിപിഎം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 

അതേ ദേശാഭിമാനിയിൽ ജയരാജനെയും കെ.കെ.ശൈലജയും തള്ളിക്കൊണ്ട് എഴുതിയ ലേഖനവും എത്ര മുതിർന്ന നേതാക്കൾ ഏറ്റുപിടിക്കും എന്ന സംശയവും നിലനില്‍ക്കുന്നു. എല്ലാത്തരത്തിലുമുള്ള നടപടികളും പൂർത്തിയാക്കി അദാനിക്ക് ഓഹരി കൈമാറാമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചാൽ  അത് നടപ്പാക്കുക അല്ലാതെ മറ്റു മാർഗ്ഗമില്ല. അപ്പോൾ എൽഡിഎഫിനെ ചരിത്രത്തിൽ ജനങ്ങൾ എന്തു വിളിക്കും എന്നതാണ് പ്രധാന ചോദ്യം

നേതൃയോഗങ്ങളിൽ തീപാറും

തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ വേണ്ടിയുള്ള കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങുകയാണ്. തോൽവി വിലയിരുത്തി അതിന്റെ പരിഹാരം തേടുകയാണ് ഇത്തവണത്തെ കേന്ദ്ര കമ്മിറ്റിയുടെ ലക്ഷ്യം. പിന്നാലെ വിശാല സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. വലിയ തരത്തിൽ പാർട്ടിക്കകത്തെ തർക്കങ്ങളിൽ അഭിപ്രായമുരാൻ സാധ്യതയുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാറണമെന്നുള്ള ആവശ്യം പല ജില്ലാ ഘടകങ്ങളും ചർച്ചയായിട്ടുണ്ട്. ഇ.പി.ജയരാജനും പി.ജയരാജനും തമ്മിൽ ഐക്യം ഇല്ലെങ്കിലും എം.വി.ഗോവിന്ദനെതിരായ പോരാട്ടത്തിൽ ഇരുവരുടെയും അണികൾക്കിടയിൽ രഹസ്യധാരണയുണ്ട്.

ENGLISH SUMMARY:

Vizhinjam port controversy is currently a major point of contention within the CPM, sparking internal conflicts and challenging the established leadership. This situation highlights a shift in the party's dynamics, with dissenting voices emerging against long-held positions.