കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിൽ അപകട കെണിയായി കുഴികൾ. പ്രവേശന കവാടം മുതൽ ഡിപ്പോയുടെ അകം നിറയെ ചെറുതും വലുതുമായ കുഴികളാണ്. ബസ് സ്റ്റാൻഡിലെ ശുചിമുറികളിൽ ദിവസങ്ങളോളം വെള്ളമില്ലാത്തതിനാൽ വനിതാ ജീവനക്കാർ ഉൾപ്പെടെ ദുരിതത്തിലായി.
ആടിയുലഞ്ഞല്ലാതെ ബസുകൾക്കൊന്നും വിഴിഞ്ഞം സ്റ്റാൻഡിൽ പ്രവേശിക്കാനാവില്ല. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഇതുതന്നെയാണ് അവസ്ഥ. ബസിൽ നിന്ന് ഇറങ്ങുമ്പോൾ നേരെ കുഴിയിൽ വീണാണ് അപകടം കൂടുതലും. ബസ്സിൽ യാത്ര ചെയ്ത് നടുവൊടിയുന്ന സ്ഥിതിയായെന്ന് നാട്ടുകാർ.
ബസ് ഗ്യാരേജിന് മുമ്പിലെ കുഴി മഴവെള്ളം നിറഞ്ഞ് കുളമായി. ഗ്യാരേജിലേക്ക് കയറ്റുന്ന ബസ്സുകൾ കുഴിയിൽപ്പെടുന്നത് പതിവാണ്. ശുചിമുറിയുടെ ശോചനീയാവസ്ഥയാണ് മറ്റൊന്ന്. ആഴ്ചയിൽ രണ്ടുദിവസം മാത്രം വരുന്ന വെള്ളം ശേഖരിച്ചു വെച്ചാണ് ബാക്കിയുള്ള ദിവസങ്ങളിൽ ഉപയോഗിക്കുന്നത്.
കഴിഞ്ഞമാസമാകട്ടെ വെള്ളമേ ലഭിച്ചിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. ഡിപ്പോയിലെ കെട്ടിടങ്ങൾ പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്. അതേസമയം കുഴികൾ അടയ്ക്കാനുള്ള നടപടി തുടങ്ങിയെന്ന് കോവളം എംഎൽഎ എം.വിൻസെന്‍റ് അറിയിച്ചു.