വിഴിഞ്ഞത്തെ ഓഹരി കൈമാറ്റനീക്കം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പ്രതിക്ഷനേതാവ് പിണറായി വിജയന്‍റെ കത്തിന് വി.ഡി.സതീശന്‍റെ മറുപടി നല്‍കി. മുന്‍കൂര്‍ അനുമതി തേടാത്തതില്‍ അദാനിയെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചെന്നും അദാനി നടപടി തുടങ്ങിയത് യുഡിഎഫ് സര്‍ക്കാര്‍  അധികാരമേല്‍ക്കുന്നതിന് മുന്‍പാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ചോദ്യങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ക്കൊപ്പം മറുചോദ്യങ്ങളും അടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.

ഓഹരി കൈമാറ്റ നീക്കം സർക്കാർ അറിഞ്ഞില്ലെന്നും മുൻകൂർ അനുമതി വാങ്ങാതെയുള്ള ഈ നീക്കത്തോടുള്ള അതൃപ്തി അദാനിയെ അറിയിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 49 ശതമാനം ഓഹരി കൈമാറാന്‍ ലക്ഷ്യമിടുന്നുവെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. ചര്‍ച്ച പുരോഗമിക്കുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. ഇത് പിണറായിയും സിപിഎമ്മും എല്‍ഡിഎഫും അറിഞ്ഞില്ലേ? എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. 

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പാണ് അദാനി നടപടി തുടങ്ങിയത്. സര്‍ക്കാര്‍ വിഴിഞ്ഞം ഓഹരി വില്‍പന അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവില്‍ എം.എസ്.സിയുടെ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരിക്കൈമാറ്റ തീരുമാനത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അദാനിയുടെ കത്തില്‍ സര്‍ക്കാര്‍ എന്തുനടപടിയെടുത്തെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തില്‍ ചോദിക്കുന്നു.കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും കത്തില്‍ പിണറായി ആരോപിച്ചിരുന്നു. 

ENGLISH SUMMARY:

Chief Minister V.D. Satheesan has responded to Leader of the Opposition Pinarayi Vijayan's letter regarding the proposed equity transfer of the Vizhinjam Port by the Adani Group. The Chief Minister clarified that the government was unaware of the move beforehand and had expressed its dissatisfaction to Adani for failing to seek prior permission. In his response, the CM questioned the opposition's knowledge of the developments, noting that the proceedings began before the current UDF government took office, and also raised counter-questions regarding the previous LDF administration's interactions with the involved companies. Pinarayi Vijayan had previously criticized the government's silence on the matter, labeling it suspicious and questioning the legal actions taken by the administration regarding the alleged breach of contract.