ആലപ്പുഴ എ.ഡി തോമസിന് കാലം കാത്തുവച്ചത് എംഎല്‍എ സ്ഥാനമാണ്.തദ്ദേശ തിരഞ്ഞെടുപ്പില്‍ തട്ടിത്തെറിച്ചു പോയ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നാണ് തോമസ് ആലപ്പുഴയില്‍ മത്സരിക്കാനെത്തുന്നതും പി.പി.ചിത്തരഞ്ജനെ തോല്‍പ്പിച്ചത് ജയന്‍റ് കില്ലറാകുന്നതും.തരംഗത്തില്‍ ചുമ്മാ കൂടെപ്പോന്നതല്ല ആലപ്പുഴ. 21015 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തോമസിന്‍റെ ജയം. 2023 ല്‍ നവകേരള സദസിനിടെ പൊലീസുദ്യോഗസ്ഥരുടെ ക്രൂരമായ ആക്രമണത്തില്‍ തലപൊട്ടി മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ തോമസിന് ഇത് ചോര ചിന്തി നേടിയ വിജയം കൂടിയാണ്.
കെഎസ്‍യു ജില്ലാ പ്രസിഡന്‍റായിരിക്കുമ്പോഴും മത്സ്യത്തൊഴിലാളിയാണ് തോമസ്. പതിനേഴാം വയസിലാണ് തോമസ് ആദ്യം കടലിൽ പോയത്. മത്സ്യത്തൊഴിലാളിയായ പിതാവ് ഡൊമിനിക് ജാക്സൺ ഒറ്റയ്ക്കു കഷ്ടപ്പെടുന്നതു കണ്ട മൂത്തമകന് അപ്പനൊപ്പം പോകാതിരിക്കാന്‍ കഴഞ്ഞില്ല. പൊന്തുവള്ളത്തില്‍ കടല്‍ത്തിരമാലകളെ നേരിട്ട ആ നിര്‍ഭയത്വം കൂടി കൈമുതലാക്കിയാണ് തോമസ് ആലപ്പുഴയെ യുഡിഎഫിന്‍റെ തിരിച്ചുപിടിച്ചത്.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനു സമീപത്തു വച്ച് തോമസിനും സഹപ്രവര്‍ത്തകനും ക്രൂര മര്‍ദ്ദനമേറ്റു. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ചതിനായിരുന്നു ശിക്ഷ. പൊലീസ് ലാത്തിയേക്കാൾ നീളമുള്ള വടി കൊണ്ടുള്ള അടി വീണത് തലയ്ക്കാണ്.തല പൊട്ടി, കഴുത്തില്‍ നീരും കഠിനമായ തലവേദനയുമായി മാസങ്ങളുടെ ചികിത്സ. ഇതിനു ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തോമസിനെ മാരാരിക്കുളം ഡിവിഷനിലേക്ക് പരിഗണിച്ചത്. ആദ്യം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥിമാരിലൊരാള്‍. പക്ഷേ സീറ്റില്ലെന്ന് നേതൃത്വം മെല്ലെ അറിയിച്ചതോടെ അടിച്ച പോസ്റ്ററും എഴുതിയ ചുവരെഴുത്തും മായ്ച്ച് പാര്‍ട്ടിക്ക് വഴങ്ങി തോമസ് അച്ചടക്കമുള്ള പ്രവര്‍ത്തകനായി.
ചേർത്തല സെന്‍റ് മൈക്കിൾ കോളജിലെ ബിരുദപഠനകാലത്താണ് തോമസ് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കോളജ് യൂണിയൻ ചെയർമാനായി. കോളജിൽ നിന്നിറങ്ങിയ ശേഷം വിദൂരവിദ്യാഭ്യാസം വഴി പിജിക്കു ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായപ്പോഴും തോമസ് കടലിൽ പോകുന്നത് മുടക്കിയില്ല. ചെത്തിയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റുമായി.
മീൻ പിടിച്ചും പെട്രോൾ പമ്പിൽ ജോലി ചെയ്തും പഠിക്കാൻ പണം കണ്ടെത്തിയ തോമസ് പിന്നീട് കെഎസ്‌യു ജില്ലാ പ്രസിഡന്‍റായി.മാരാരിക്കുളം കടപ്പുറത്തെ മഴ പെയ്താൽ ചോരുന്ന കൊച്ചുവീട്ടിൽനിന്നാണ് എ.ഡി.തോമസ് എംഎല്‍എയാകുന്നത്. നിത്യവൃത്തിക്കായി മരാരിക്കുളത്തെ മൂന്നു ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്തു. ചായക്കട തുടങ്ങി. പൊതുപ്രവര്‍ത്തനം ജീവനോപാധിയാക്കാത്ത അപൂര്‍വം പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍കൂടിയാണ് തോമസ്.
ഇരു മുന്നണികളെയും വിജയിപ്പിച്ച മണ്ഡലമാണെങ്കിലും മണ്ഡല പുനർനിർണയത്തിന് ശേഷം സിപിഎമ്മിന്‍റെ സ്വാധീന കേന്ദ്രമാണ് ആലപ്പുഴ. പഴയ ആലപ്പുഴ മണ്ഡലത്തില്‍ കെ.സി വേണുഗോപാല്‍ ജയിച്ചതിന് ശേഷം കൈപ്പത്തി ചിഹ്നത്തിലൊരാള്‍ ജയിക്കുന്നതും എ.ഡി.തോമസിലൂടെയാണ്. 11,644 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2021 ല്‍ എല്‍ഡിഎഫ് ജയിച്ച മണ്ഡലം കൂടിയാണിത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 3842 വോട്ടിന്റെ മേൽക്കൈയുണ്ടെങ്കിലും അതിനെയും മറികടക്കാന്‍ യുഡിഎഫിനായി. ഇന്നിപ്പോള്‍ ആലപ്പുഴയില്‍ നിന്ന് ജയിച്ചു കയറുമ്പോള്‍ അത് തോമസിനായി കാത്തുവയ്ക്കപ്പെട്ട നീതി കൂടിയാണ്.