ഭരണ സ്തംഭനം ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിനെതിരെ അവിശ്വാസത്തിന് നീക്കം തുടങ്ങി യുഡിഎഫ്. അവിശ്വാസം വന്നാല്‍ നേരിടുമെന്ന് പറഞ്ഞ മേയര്‍ വിവി രാജേഷ് എല്‍ ഡി എഫ് ഭരണകാലത്തെ സ്മാര്‍ട്ട് സിറ്റി നിര്‍മാണങ്ങളിലടക്കം ഗുരുതര പിഴവ് സംഭവിച്ചതായി ആരോപിച്ചു. കോര്‍പറേഷന്‍ ഓഫീസിലെ കൂട്ടപ്പൊരിച്ചിലിനും പൊലീസ് കേസിനുമെല്ലാം പിന്നാലെ ബിജെപിക്കെതിരെ അവിശ്വാസത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. സത്യപ്രതിജ്ഞ റദ്ദാക്കലില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് ബജെപി ഭരണം പുതിയ പ്രതിസന്ധി നേരിടുന്നത്. കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നീക്കം.
കൗണ്‍സില്‍ യോഗം നടക്കുന്ന തിങ്കളാഴ്ച അവിശ്വാസത്തിനും കോര്‍പറേഷനില്‍ പ്രക്ഷോഭത്തിനും യുഡിഎഫ് ഒരുക്കം തുടങ്ങി. എന്നാല്‍ അവിശ്വാസവും സമരവും ഒരുമിച്ച് നേരിടുമെന്ന ഉറപ്പിലാണ് മേയര്‍. എല്‍ ഡി എഫ് കാലത്തെ സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ , പാളയം മാര്‍ക്കറ്റിലെ കടകളുടെ നിര്‍മാണം , മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഇതിലെല്ലാം ഗുരുതര പിഴവുകള്‍ സംഭവിച്ചതായും മേയര്‍ കുറ്റപ്പെടുത്തി. ഫോറന്‍സിക് ഓഡിറ്റിങിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ പറഞ്ഞു.
51 അംഗങ്ങളുളള ബിജെപിക്ക് വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍ ജയിലിലായതോടെ ഒരംഗത്തിന്‍റെ പിന്തുണ കുറഞ്ഞു. 20 അംഗങ്ങളുളള യുഡിഎഫും 29 കൗണ്‍സിലര്‍മാരുളള എല്‍ ഡി എഫും അവിശ്വാസത്തില്‍ ഒന്നിച്ചാല്‍ അംഗബലം 49 ആകും. യുഡിഎഫ് വിമതനായ എസ് സുധീഷ് കുമാര്‍ കൂടി അവിശ്വാസത്തെ പിന്തുണച്ചാല്‍ 50 – 50 എന്ന നിലയിലെത്തും. നിര്‍ണായക ഘട്ടത്തില്‍ സുഗതന്‍റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എല്‍ ഡി എഫും യുഡിഎഫും ബിജെപിക്കെതിതിരെ ഒന്നിക്കുമോ എന്നതാണ് നിര്‍ണായകം.
മാലിന്യ നീക്കം കാര്യക്ഷമമാക്കണമെന്നും കയ്യും കാലും ഒന്നും ഒടിയുന്നത് കൊതുകിന് അറിയില്ലെന്നുമായിരുന്നു ഇന്നലത്തെ ബിജെപി – സിപിഎം സംഘര്‍ഷം സൂചിപ്പിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പരിഹസിച്ചത്.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തിലെടുത്ത കേസിന്‍റെ എഫ്.ഐ.ആറില്‍ പൊലീസിന് അമളി പറ്റി. ഒന്നാം പ്രതിയായ സി.പി.എം കൗണ്‍സിലര്‍ എസ്.പി.ദീപക്കിന്‍റെ പേര് എഫ്ഐആറില്‍ എഴുതിയത് ‘ദീപക് ദേവ്’ എന്നാണ്. മേയര്‍ വി.വി.രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ഉള്‍പ്പെടെ 15 കൗണ്‍സിലര്‍മാരെയും രണ്ട് കേസുകളിലായി പൊലീസ് പ്രതിചേര്‍ത്തു
തലസ്ഥാന കോര്‍പ്പറേഷനില്‍ ഇന്നലെ കൂട്ടത്തല്ലായിരുന്നു. എല്‍.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും കൗണ്‍സിലര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും അടിയും തടയും ചീത്തവിളിയുമൊക്കെയായി. ഒടുവില്‍ രണ്ട് കൂട്ടര്‍ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കൗണ്‍സിലര്‍മാര്‍ കാണിച്ച കയ്യാങ്കളിയേക്കാള്‍ വലിയ നാണക്കേടായി മാറിയിരിക്കുകയാണ് ആ എഫ്.ഐ.ആര്‍. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയെടുത്ത കേസിലെ ഒന്നാം പ്രതി ദീപക് ദേവ്.പെട്ടന്ന് വായിച്ചപ്പോള്‍ സംഗീതസംവിധായകന്‍ ദീപക് ദേവും ഇന്നലെ അടികൂടാന്‍ കോര്‍പ്പറേഷനിലെത്തിയോയെന്ന് സംശയം.
മേല്‍വിലാസം എഴുതിയിരിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നാണ്. അതായത് സി.പി.എം നേതാവും കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എസ്.പി.ദീപക്കിനെയാണ് പൊലീസ് ദീപക് ദേവാക്കിയത്. ഈ തെറ്റായ പേര് സഹിതമാണ് എഫ്.ഐ.ആര്‍ കോടതിയില്‍ കൊടുത്തത്. മാധ്യമങ്ങളില്‍ വാര്‍ത്തവന്നപ്പോളാണ് ഈ നാണക്കേട് പൊലീസ് തിരിച്ചറിയുന്നത് പോലും. ഇനി അത് തിരുത്താനുള്ള നെട്ടോട്ടത്തിലാണ്. അതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലറുടെ പരാതിയിലെടുത്ത കേസില്‍ മേയര്‍ വി.വി.രാജേഷും ഡെപ്യൂട്ടി മേയറും ഉള്‍പ്പടെ 10 കൗണ്‍സിലര്‍മാരും ബി.ജെ.പി കൗണ്‍സിലറുടെ പരാതിയില്‍ അഞ്ച് പേരുമാണ് പ്രതികള്‍. അസഭ്യം പറഞ്ഞ് ആക്രമിച്ചൂവെന്നാണ് രണ്ട് എഫ്.ഐ.ആറിലെയും കുറ്റാരോപണം.