congress

TOPICS COVERED

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയാരെന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം തേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഘടകകക്ഷികള്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ആരെന്നതില്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന് രമേശ് ചെന്നിത്തലയും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്‍റും പറഞ്ഞപ്പോള്‍ എം.എല്‍.എമാര്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് നിര്‍ബന്ധിമില്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. അതിനിടെ രമേശ് ചെന്നിത്തലക്ക് വേണ്ടി പരുമല പള്ളിയില്‍ കുര്‍ബാന നേര്‍ന്നപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സതീശനായി ഫ്ളെക്സുകള്‍ ഉയര്‍ന്നു.

വോട്ടുപെട്ടിയില്‍ എന്താണെന്ന് അറിയാനുള്ള പിരിമുറുക്കം ഒരു വശത്ത്...മുഖ്യമന്ത്രി കസേരയിലേക്ക് ഇഷ്ടപ്പെട്ട നേതാവിന് വഴിയൊരുക്കാനുള്ള ചരടുവലികള്‍‍ മറുവശത്ത്...ജനവിധിക്ക് നിമിഷങ്ങളെണ്ണിക്കാത്തിരിക്കുമ്പോള്‍ യു.ഡി.എഫ് ക്യാംപിന്‍റെ അവസ്ഥ ഇങ്ങിനെയാണ്. വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും കെ.സി.വേണുഗോപാലിനും വേണ്ടിയുള്ള നീക്കങ്ങള്‍ ഓരോ നിമിഷവും ചൂടുപിടിക്കുകയാണ്. ഫലം വന്നശേഷമുള്ള മണിക്കൂറുകള്‍ അതിനിര്‍ണായകമെന്ന് മുന്‍കൂട്ടികണ്ടാണ് കരുനീക്കങ്ങളെല്ലാം. പക്ഷെ ആ ചര്‍ച്ചകളെല്ലാം മാധ്യമ സൃഷ്ടിയെന്നാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വാദം.

ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് ചെന്നിത്തലയും പറഞ്ഞു. ഫ്ളെക്സും ചര്‍ച്ചയുമൊക്കെയാവാം പക്ഷെ വ്യക്തിഹത്യ പാടില്ലെന്ന ഉപദേശ വഴിയിലാണ് കെ.മുരളീധരന്‍. പക്ഷെ പാലക്കാട് എം.പി പരസ്യമായി തന്നെ കെ.സി. വേണുഗോപാലിന്‍റെ പക്ഷം പിടിച്ചു. പക്ഷം ചേരല്‍ നേതാക്കളില്‍ ഒതുങ്ങുന്നില്ല. പ്രാര്‍ത്ഥനയും ജയ് വിളികളുമായി അണികളും കളം നിറയുന്നുണ്ട്. ചെന്നിത്തല മുഖ്യമന്ത്രിയാകാനായി പരുമല പള്ളിയില്‍ വിശുദ്ധ കുര്‍ബാന നേര്‍ന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്‍റ് സിജോ കുഞ്ഞാണ്ടി. സതീശന് വേണ്ടി ഫ്ളെക്സുകളുടെ പ്രളയമാണ്. പട നയിച്ചവന്‍ നാടുനയിക്കട്ടേയെന്ന ആഹ്വാനത്തോടെ കണ്ണൂര്‍ കാടാച്ചിറ, പത്തനംതിട്ട, ആലുവയിലെ വോട്ടെണ്ണല്‍ കേന്ദ്രം, കാഞ്ഞിരപ്പള്ളി, മട്ടന്നൂര്‍, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ഫ്ളെക്സുകള്‍ പ്രത്യക്ഷപ്പെട്ടു.

ENGLISH SUMMARY:

Kerala Election Results are highly anticipated as the Congress High Command consults with coalition partners regarding the Chief Minister's post. Intense lobbying and fervent prayers are underway for preferred leaders like Ramesh Chennithala and V D Satheesan as the state awaits the final verdict.