നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല മൂന്നുമുതല്‍ അഞ്ചുപേര്‍വരെ എത്തുമെന്നും ബി.ജെ.പി കണക്കുകൂട്ടല്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പി വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണെന്നും നേതാക്കള്‍ പറയുന്നു. ബി.ജെ.പി നേടുന്ന വോട്ടുകളാകും കേരളം ഇനി ആര് ഭരിക്കണമെന്ന തീരുമാനിക്കുകയെന്നതില്‍ എല്ലാ നേതാക്കള്‍ക്കും ഒരേസ്വരം.

നേമത്തെ അക്കൗണ്ട് വീണ്ടും തുറക്കും. പുറമെ രണ്ടുപേര്‍ കൂടി പുതിയ അക്കൗണ്ടുകള്‍ തുറന്നേയ്ക്കും. അത് അഞ്ചാകാനും സാധ്യതയേറെയെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. നേമം, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം, തിരുവല്ല, മണ്ഡലങ്ങളില്‍ ജയിക്കുമെന്നാണ് ബൂത്ത് തല അവലോകനം. ഇത് ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോളുകളെന്ന് നേതാക്കള്‍ പറയുന്നു. എന്നാലിത് പരസ്യമായി പറയാന്‍ തയാറല്ല. സീറ്റുകള്‍ രണ്ട് കടക്കാമെന്ന് മാത്രം പറയുന്നു. 

തിരുവല്ലയില്‍ 35000 പാര്‍ട്ടി വോട്ടുകളുണ്ടെന്നും 10000 വോട്ടുകള്‍ കൂടി ലഭിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നുമാണ് വിലയിരുത്തല്‍. അങ്ങനെയാണ് മുന്‍തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്ത് പോലും എത്താത്ത തിരുവല്ല സാധ്യതാപട്ടികയിലേക്ക് കയറി വന്നത്. 25 മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തുമെന്നും ഇതില്‍ എട്ടുമണ്ഡലങ്ങള്‍ ആയിരത്തിനും രണ്ടായിരത്തിനും വോട്ടുകളുടെ വ്യത്യാസത്തില്‍ കിട്ടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്നും ബി.ജെ.പി വിലയിരുത്തുന്നു.

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാസര്‍കോട്, നാട്ടിക, ചാത്തന്നൂര്‍, കാട്ടാക്കട, മലമ്പുഴ, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, പാലാ, പൂഞ്ഞാര്‍, മണലൂര്‍, ഹരിപ്പാട് എന്നീ മണ്ഡലങ്ങളില്‍ കടുത്ത ത്രികോണമല്‍സരം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി. പ്രചാരണത്തിന്‍റെ തീവ്രതകൂടി കണക്കിലെടുക്കുമ്പോള്‍ ജയസാധ്യത കൂടുതല്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാസര്‍കോട്,ചാത്തന്നൂര്‍, നാട്ടിക, കാട്ടാക്കട എന്നിവിടങ്ങളില്‍. ഒരുകാര്യത്തില്‍ എല്ലാ നേതാക്കള്‍ക്കും ഉറപ്പുണ്ട്. ബി.ജെ.പി– എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ നേടുന്ന വോട്ട്, ഏത് മുന്നണി ഭൂരിപക്ഷം നേടുമെന്ന് നിര്‍ണയിക്കുമെന്നതില്‍.

BJP Predicts Big Gains in Kerala: :

BJP leaders in Kerala are optimistic about opening their account and potentially winning 3 to 5 seats in the 2026 Assembly elections. Following positive exit poll trends, the party identifies Nemom, Kazhakoottam, Palakkad, Manjeshwaram, and Thiruvalla as winning prospects. The party believes their vote share will be the deciding factor in which front forms the government, with a strong second-place finish expected in 25 other constituencies.