Image Credit: x/ PTI
'അന്ധ ഭക്തരെ വിമര്‍ശിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ കളിയാക്കി അസിസ്റ്റന്റ് പ്രഫസറെന്ന് അവകാശപ്പെട്ട യുവതിയിട്ട ട്വീറ്റിന് വന്‍ ട്രോള്‍. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദമുള്ള യുവതിയുടെ കുറിപ്പില്‍ എട്ട് വ്യാകരണപ്പിഴവുകളാണ് ആളുകള്‍ കണ്ടെത്തിയത്. ബംഗാളില്‍ നിന്നുള്ള അര്‍പ്പിത ചാറ്റര്‍ജിയെന്ന യുവതിയാണ് രാഹുല്‍ ഗാന്ധിയെ കളിയാക്കാനിറങ്ങി സ്വയം പരിഹാസ്യയായത്.
'പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഞാനൊരു അന്ധഭക്തായതില്‍ അഭിമാനിക്കുന്ന ആളാണ്. അസിസ്റ്റന്‍റ് പ്രഫസറാണ്. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമുണ്ട്. ഇപ്പോള്‍ പിഎച്ച്ഡിയും ചെയ്യുന്നു. നിങ്ങള്‍ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ അന്ധഭക്തെന്നാല്‍ ഇഡിയറ്റ് എന്നാണല്ലോ... ഞാനൊരു ഇഡിയറ്റാണോ? നിങ്ങള്‍ക്കുറപ്പുണ്ടോ?' എന്നായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ജെ.പി. നഡ്ഡ തുടങ്ങിയവര്‍ എക്സില്‍ അര്‍പ്പിതയെ ഫോളോ ചെയ്യുന്നുണ്ട്.
പോസ്റ്റിലെ ഉള്ളടക്കത്തെക്കാള്‍ ആളുകള്‍ ഗ്രാമറില്‍ കയറിപ്പിടിച്ചതോടെ അര്‍പ്പിത വൈറലായി. ചിലര്‍ സ്വയം തിരുത്തിയ ട്വീറ്റ് അര്‍പ്പിതയ്ക്ക് കമന്‍റായി ഇട്ടപ്പോള്‍ എഐ തിരുത്തിയത് ഇങ്ങനെ എന്ന് പറഞ്ഞ് കമന്‍റ് ചെയ്തവരെയും കാണാം. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദമുള്ളയാള്‍ ഇത്രയധികം തെറ്റ് വരുത്തുമോയെന്ന് അതിശയിക്കുന്നവരും കമന്‍റുകളില്‍ കുറവല്ല. 'നിങ്ങളുടെ പോസ്റ്റിലാകെ വ്യാകരപ്പിഴവാണ്, സാരമില്ല. തെറ്റു പറ്റുന്നത് സ്വാഭാവികമാണ്. പക്ഷേ നിങ്ങള്‍ ഒന്നുകൂടി ഇംഗ്ലിഷില്‍ എംഎ എടുക്കുന്നത് നന്നായിരിക്കും' എന്നാണ് ഒരാള്‍ കുറിച്ചത്.
ബുധനാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ് അന്ധഭക്ത് എന്ന പ്രയോഗം രാഹുല്‍ നടത്തിയത്. വിദ്യാര്‍ഥികളും അന്ധഭക്തുകളും ദൈവതുല്യരെന്ന് ഭാവിക്കുന്നവരും എന്നിങ്ങനെ മൂന്ന് തരം ആളുകള്‍ സമൂഹത്തിലുണ്ടെന്ന് തന്നോട് ഒരു വിദ്യാര്‍ഥിനി പറഞ്ഞുവെന്നായിരുന്നു രാഹുല്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത്. പിന്നാലെ മൂന്ന് വിഭാഗങ്ങളെ കുറിച്ചും വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ കാര്യങ്ങളെ പഠിക്കാന്‍ ശ്രമിക്കുന്നവരാണെന്നും രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ ദൈവതുല്യരെന്ന് ഭാവിക്കുന്നവരും ഈ വിഡ്ഢികളെ ദൈവമെന്ന് കരുതി കണ്ണും പൂട്ടി വിശ്വസിക്കുന്ന അന്ധഭക്തുകള്‍ മൂന്നാമത്തെ വിഭാഗമാണെന്നും വിദ്യാര്‍ഥിനി പറഞ്ഞുവെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ സഭ്യമല്ലാത്ത വാക്ക് സഭയില്‍ രാഹുല്‍ ഉപയോഗിച്ചുവെന്നും ഇത് നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യമുയര്‍ത്തി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ട് ഈ പരാമര്‍ശം നീക്കം ചെയ്യുകയായിരുന്നു.