opposition-protest-india-parliament

ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ് നടപടികള്‍. സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പ്രതിപക്ഷം ഗോൾ പോസ്റ്റ് മാറ്റി സഭ തടപ്പെടുത്തുകയാണെന്ന് മന്ത്രി ജെ.പി.നഡ്ഡ ആരോപിച്ചു.

പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാര്‍ഥികൾക്ക് നീതി ലഭിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. പൊലീസ് നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വക്കണം. പാർലമെൻ്റിൽ ഹാജരാകാത്ത അമിത് ഷാ മൗനം തുടരുന്നത് എന്തുകൊണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. രാവിലെ മകര കവാടത്തിലെ പ്രതിഷേധത്തിന് ശേഷം ലോക്സഭയിലും വിഷയം ഉയര്‍ത്തിയതോടെ സഭാനടപടികള്‍ തടസപ്പെട്ടു. രാജ്യസഭയിലും ശക്തമായ പ്രതിഷേധമുണ്ടായി.

എന്നാല്‍ നടുത്തളത്തില്‍ ഇറങ്ങിയുള്ള പ്രതിഷേധം വകവെക്കാതെ സഭാധ്യക്ഷന്‍ മുന്നോട്ട് പോയതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. സര്‍ക്കാര്‍ ഏത് വിഷയത്തിലും ചര്‍ച്ചക്ക് തയ്യാറാണെന്നും ഉന്നയിക്കാന്‍ വിഷയം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ഈ സമീപനം തുടരുന്നതെന്നും സഭ നേതാവ് ജെ.പി.നഡ്ഡ പറഞ്ഞു. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്നും അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സമിതി രൂപീകരിക്കണമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Parliamentary proceedings faced disruptions as the opposition staged intense protests inside and outside the house demanding Home Minister Amit Shah's resignation over police brutality against students, while Union Minister J.P. Nadda accused the opposition of shifting goalposts and disrupting proceedings since the government is ready for discussion, and Rahul Gandhi demanded Supreme Court-monitored committee probes through X, as protests led to walkouts in both Lok Sabha and Rajya Sabha despite the Chair pushing forward.