വരുന്ന അഞ്ച് വര്‍ഷം കേരളം ആരു ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ ഇനി രണ്ടു ദിവസം കൂടി. കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യസൂചനകള്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ലഭിച്ചു തുടങ്ങും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. നാലാം തീയതി രാവിലെ എട്ടുമണി മുതല്‍ 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക.
വോട്ട് എണ്ണാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാണ് പൂരോഗമിക്കുന്നത്. വിപുലമായ ഒരുക്കങ്ങളും അതീവ സുരക്ഷുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. പതിനാലായിരത്തോളം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വോട്ട് എണ്ണുക. മൈക്രോ ഒബ്സേര്‍വേഴ്സ്, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്‍റുമാര്‍ എന്നിവരുടെ സേവനം വോട്ടെണ്ണല്‍കേന്ദ്രങ്ങളിലുണ്ടാവും. ജില്ലാ വരണാധികരികളായ കലക്ടര്‍മാര്‍ക്കാണ് പൊതുമേല്‍നോട്ട ചുമതല. റിട്ടേണിങ് ഉദ്യോഗസ്ഥര്‍ അതാത് മണ്ഡലത്തിന്‍റെ ചുമതല വഹിക്കും. ക്യുആര്‍ കോഡുള്ള തിരിച്ചറില്‍ കാര്‍ഡ് ഉള്ളവര്‍ക്കുമാത്രമേ ഇത്തവണ വോട്ടെണ്ണല്‍കേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകൂ. സംസ്ഥാന പൊലീസും കേന്ദ്രസേനയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
രാവിലെ എട്ടുമണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിതുടങ്ങും. എട്ടരയോടെ ഇലക്ട്രോണിങ് വോട്ടിങ് മെഷിനുകളും എണ്ണാന്‍ ആരംഭിക്കും. ഒന്‍പതുമണിയോടെ ആദ്യ വിവരങ്ങള്‍ പുറത്തു വരും ഒന്‍പതരമണിയോടെ സംസ്ഥാനത്തെ ആദ്യ ട്രെന്‍ഡ് ലഭിക്കുമെന്നാണ് കരുതുന്നത്. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും ഫലം വരേണ്ടതാണ്. റീകൗണ്ടിങിന് പോയാല്‍മാത്രമെ ഏതെങ്കിലും മണ്ഡലത്തിലെ ഫലപ്രഖ്യാപനം വൈകുകയുള്ളൂ. കേരളത്തിനൊപ്പം തമിഴ്നാട് ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങവിലെ ഫലപ്രഖ്യാപനവും തിങ്കളാഴ്ച ഉണ്ടാകും.