കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തില്‍ താരമായ സ്ഥാനാര്‍ഥിയായിരുന്നു തൃപ്പൂണിത്തുറയില്‍ ട്വന്‍റി 20ക്കായി മത്സരിച്ച അഞ്ജലി നായര്‍. താരത്തിന്‍റെ പ്രചാരണ വിഡിയോകളെല്ലാം ട്രോളന്മാരും ഏറ്റെടുത്തിരുന്നു. ഫലം വന്നപ്പോള്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അഞ്ജലി.
പ്രചാരണ സമയത്ത് ഉയര്‍ന്ന ട്രോളുകളോട് പ്രതികരിക്കുകയാണ് അഞ്ജലി. വര്‍ഗീയമോ മതപരമായോ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നിട്ടും പരിഹാസം മാത്രമാണ് ലഭിക്കുന്നതെന്നും അഞ്ജലി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭക്ഷണം കഴിക്കാനായി അൽപം വൈകിയെത്തിയതായിരുന്നു. അപ്പോൾ അവിടെയുണ്ടായ ഒരു പ്രവർത്തകനാണ് എംഎൽഎ കഴിച്ചിട്ടു പോട്ടെ എന്നു പറഞ്ഞത്. അതു കേട്ടപ്പോൾ ഒരു സന്തോഷം തോന്നി. ഇന്റർവ്യൂവിലും ആ സന്തോഷം പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ അതു ട്രോൾ ആയി മാറുകയായിരുന്നു. ഒരു മറയുമില്ലാതെ ജനങ്ങളോടും മാധ്യമങ്ങളോടും ആശയവിനിമയം നടത്താനാണ് ശ്രമിച്ചത്. അതെല്ലാം ട്രോൾ ആയി കാണുമ്പോൾ ഇവരുടെയൊക്കെ കാഴ്ചപ്പാട് എന്താ ഇങ്ങനെയെന്നു തോന്നിയിട്ടുണ്ട്. വർഗീയതയോ മതമോ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നിട്ടും പരിഹാസം മാത്രമാണ് ലഭിച്ചത്,' അഞ്ജലി പറഞ്ഞു.
അച്ഛൻ ചെറുപ്പത്തിൽ പറയുമായിരുന്നു നീ രാഷ്ട്രീയത്തിൽ വരും, മന്ത്രിയാകുമെന്നൊക്കെ. മത്സരിക്കാനുള്ള വിളിയെത്തിയപ്പോൾ ആദ്യം ഓർത്തതും അച്ഛന്റെ വാക്കുകളാണെന്നും അഞ്ജലി ഓര്‍ത്തെടുത്തു. അച്ഛൻ ചെറുപ്പത്തിൽ പറഞ്ഞ വാക്കുകൾ നടക്കാൻ പോകുന്നു എന്ന സന്തോഷത്തിലാണ് അത് ഇന്റർവ്യൂവിൽ പറയുന്നത്. അതും ട്രോളായി. ഇതിനിടയിൽ ഞാൻ ലക്ഷങ്ങൾ കൊടുത്താണ് മത്സരിച്ചത് എന്നുള്ള രീതിയിൽ വരെ പ്രചരണങ്ങൾ വന്നിരുന്നു. ഇതിനൊക്കെ എന്തു മറുപടിയാണ് നൽകേണ്ടെതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
തോറ്റെങ്കിലും മണ്ഡലത്തിൽ സജീവമാണ് അഞ്ജലി. ആളുകളെ കാണുന്നുണ്ട്, അവരുടെ പ്രശ്നങ്ങളും കേൾക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ തുടരാൻ തന്നെയാണ് തീരുമാനം. ഒപ്പം പുതിയ സിനിമകൾക്കായുള്ള ചർച്ചകളും തുടരുന്നുവെന്നും അഞ്ജലി പറഞ്ഞു.