തൊണ്ടിമുതല്‍ തിരിമറി കേസില്‍ ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ശിക്ഷ തടയണമെന്ന അപ്പീലാണ് തള്ളിയത്. ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന ആവശ്യവും തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാജുവിന്റെ ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്കും നിലനിന്നു. വിധിയിൽ പ്രകടമായ പിഴവുകളില്ലെന്നും സ്റ്റേ അനുവദിക്കാനുള്ള അസാധാരണ സാഹചര്യങ്ങളില്ലെന്നുമാണ് കോടതി പറഞ്ഞത്.
ലഹരി മരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയ കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു. മജിസ്ട്രേട്ട് കോടതി 3 വർഷം തടവിനാണ് ശിക്ഷിച്ചത്. ഇതോടെ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു
Also Read: ആന്റണി രാജുവിന് രാജിവയ്ക്കുക സാധ്യമല്ല; അയോഗ്യനായി കഴിഞ്ഞെന്ന് സ്പീക്കറുടെ ഓഫീസ്
തൊണ്ടിമുതലിൽ ആര്, എപ്പോൾ, എങ്ങനെ കൃത്രിമം നടത്തിയെന്നു സ്ഥാപിക്കാൻ കഴിയുന്നില്ലെന്നു ഹർജിക്കാരൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതി റജിസ്റ്ററിൽ രേഖപ്പെടുത്തിയ തൊണ്ടി വിട്ടു നൽകിയതു കോടതിയുടെ ഉത്തരവില്ലാതെയാണെന്നും 1990 ഓഗസ്റ്റ് 9ന് ഒന്നാംപ്രതിയായ കോടതി ജീവനക്കാരൻ അതു ഹർജിക്കാരനു കൈമാറിയതു രേഖകളിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു. ഹർജിക്കാരന്റെ ഒപ്പ് കയ്യക്ഷര വിദഗ്ധനും ഉറപ്പിക്കുന്നുണ്ട്. 3 മാസം കഴിഞ്ഞ് തൊണ്ടി അബദ്ധത്തിൽ കൈപ്പറ്റിയതാണെന്നു മജിസ്ട്രേട്ടിനെ കണ്ടു പറഞ്ഞിട്ടാണ് അതു തിരിച്ചു കൊടുത്തത്. ഇതിനിടെ തൊണ്ടിമുതലിന് എന്തുപറ്റിയെന്നു പറയേണ്ടതു ഹർജിക്കാരനാണെന്നു മജിസ്ട്രേട്ട് കോടതി വിലയിരുത്തിയതിൽ തെറ്റില്ല. വിധിന്യായത്തിൽ ഗുരുതര പിഴവോ നിയമവിരുദ്ധതയോ സ്ഥാപിക്കാൻ ഹർജിക്കാരനു കഴിയുന്നില്ലെന്നും കോടതി പറഞ്ഞു.
അടിവസ്ത്രം വെട്ടിച്ചെറുതാക്കി
1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഹഷീഷ് കടത്തിയതിന് ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവഡോർ സർവലി പിടിയിലായിരുന്നു. അടിവസ്ത്രം തൊണ്ടിമുറി ക്ലാർക്ക് ജോസിന്റെ ഒത്താശയോടെ കൈക്കലാക്കി വലുപ്പം കുറച്ച് തിരികെ വച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ആൻഡ്രുവിന്റെ അഭിഭാഷക സെലിൻ വിൽഫ്രഡിന്റെ ജൂനിയർ ആയിരുന്നു ആന്റണി രാജു. സെഷൻസ് കോടതി ആൻഡ്രുവിനെ 10 വർഷം ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതേ വിട്ടിരുന്നു. അടിവസ്ത്രം ആൻഡ്രുവിനു പാകമല്ലെന്നു കണ്ടെത്തിയായിരുന്നു വിധി. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ വലിയതുറ സിഐ കെ.കെ.ജയമോഹനന്റെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.