തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എം.എൽ.എ അയോഗ്യനായതിനാൽ അദ്ദേഹത്തിന് ഇനി രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. മൂന്ന് വർഷം തടവിന് കോടതി ശിക്ഷിച്ചതോടെ ആന്റണി രാജു ഇതിനോടകം തന്നെ നിയമസഭാംഗത്വത്തിന് അയോഗ്യനായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം.
അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ നിയമസഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്നതിന് മുൻപായി രാജിവെച്ച് ഒഴിയാൻ ആന്റണി രാജു ശ്രമം നടത്തിയിരുന്നു. എന്നാൽ, കോടതി ഉത്തരവ് വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ നിയമപരമായി രാജിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഇനി ഔദ്യോഗികമായ വിജ്ഞാപനം ഇറങ്ങുന്നതോടെ ആന്റണി രാജു അയോഗ്യനായി തന്നെ നിയമസഭയ്ക്ക് പുറത്താകും. ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകുകയും അയോഗ്യത നേരിട്ട് ബാധകമാവുകയുമാണ് ചെയ്യുന്നത്.