bindu-krishna-rsp-3

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആര്‍എസ്പി നേതാക്കൾ ശ്രമിച്ചു എന്ന ആരോപണവുമായി കോൺഗ്രസ്. കലാശക്കൊട്ടിന് മണിക്കൂറുകൾക്ക് മുൻപ് ആർഎസ്പി പ്രാദേശിക നേതാവ് സിപിഎം ജില്ലാ നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം. ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടന്നത്. തീരദേശ മേഖലയിലെ വോട്ടുകൾ മറിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 

 

വിവരം അറിഞ്ഞയുടൻ കോൺഗ്രസ് നേതൃത്വം പരാതി നൽകുകയും ഇടപെടുകയും ചെയ്തു. ഇതിന് പിന്നാലെ ആരോപണവിധേയനായ ആർഎസ്പി കൊല്ലം സൗത്ത് എൽസി സെക്രട്ടറിയെ തിരഞ്ഞെടുപ്പ് സമിതിയിൽ നിന്ന് മാറ്റിനിർത്തി. പകരം മറ്റൊരാൾക്ക് ചുമതല നൽകുകയും ചെയ്തു. എന്നാൽ നടന്നത് തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമായിരുന്നു എന്നാണ് ആർഎസ്പി നേതൃത്വത്തിന്റെ വിശദീകരണം. 

 

തിരഞ്ഞെടുപ്പിന്‍റെ നിർണായക ഘട്ടത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നത്. വിജയിക്കാനായില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തില്‍  ഇക്കുറി വലിയ പ്രതീക്ഷയാണ് യുഡിഎഫ് വച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിൽ ഉയർന്നുവന്ന ഈ വിവാദം മുന്നണിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.