ഒരു സുപ്രഭാതത്തിൽ നേതാവായ ആളല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും കൊച്ചിയിലെ പി.കെ. ഡീവര്‍ അനുസ്മരണ പരിപാടിയില്‍ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

 

Also Read: കോണ്‍ഗ്രസ് 10 തവണ കേരളത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിച്ചതിന്‍റെ ചരിത്രം ഇങ്ങനെ

ഇതിനിടെ രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ പുകഴ്‌ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ രംഗത്തെത്തി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയിൽ പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു. പ്രതിപക്ഷ നേതാവല്ലാത്തപ്പോഴും മികച്ച പ്രവർത്തനങ്ങൾ നടത്തി. ഇനിയും ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ രമേശ് ചെന്നിത്തലക്കാകുമെന്നും വി.എം സുധീരൻ പറഞ്ഞു. 

 

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇരുവരുടേയും വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി സാധ്യതാ ചർച്ചകൾക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനമധ്യത്തിൽ ഉണ്ടാകുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ചർച്ചകളെയും പ്രസ്താവനകളെയും അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം ചർച്ചകളിൽനിന്ന് നേതാക്കളും പ്രവർത്തകരും മാറിനിൽക്കണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം. വോട്ടെടുപ്പിന് പിന്നാലെയാണ് കോൺഗ്രസിൽ മുഖ്യമന്ത്രി സാധ്യത ചർച്ചകൾ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പോര് അതിരുവിട്ടതോടെ ചർച്ചകൾ നിയന്ത്രിക്കണമെന്ന് കെ.മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളും ഘടകകക്ഷികളും ആവശ്യപ്പെട്ടത് കണക്കിലെടുത്താണ് കെ.പി.സി.സി നടപടി