വേനലില്‍ ഉരുകി സംസ്ഥാനം. ഇന്ന് രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കടുത്ത ചൂടിനെ തുടര്‍ന്ന് നാലുമാസം ഗര്‍ഭിണിയായ പശു ചത്തു. ഉഷ്ണതരംഗ സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. മൂന്നാറില്‍ അള്‍ട്രാ വൈലറ്റ് ഇന്‍ഡെക്സ് റേറ്റ് എട്ടിലെത്തി. അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. നേരിട്ട് വെയില്‍ കൊള്ളരുതെന്നും പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണമെന്നും ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
കനത്ത ജാഗ്രതവേണമെന്ന് സര്‍ക്കാരും നിര്‍ദേശം നല്‍കുന്നു. പകല്‍ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും സെല്‍ഫ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി കെ. രാജന്‍ നിര്‍ദേശിച്ചു. സ്ത്രീകളും കുട്ടികളും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യത്തിന് വെള്ളവും വിശ്രമവും നല്‍കണം.27ന് വേനല്‍മഴ പ്രതീക്ഷിക്കുന്നെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു .
ചൂടുയരുന്ന സംസ്ഥാനത്ത് സൂര്യാതപത്തിന്‍റെ വാര്‍ത്തകളാണ് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം കിളിമാനൂരിൽ ഹരിത കർമ്മ സേനാംഗത്തിന് ഇന്ന് സൂര്യാതപമേറ്റു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനാംഗവും കിളിമാനൂർ സ്വദേശിയുമായ ലതികയ്ക്കാണ് പൊളളലേറ്റത് . കിളിമാനൂർ ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഉച്ചക്ക് 12 മണിയോടെയാണ് സൂര്യാതപമേറ്റത് . കയ്യിലും കാലിലും കഴുത്തിലും ശരീരത്തും പൊള്ളലേറ്റു . പരുക്കേറ്റ ലതികയെ ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ അടയമൺ കുടുബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകി.
കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയം. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയ ബേബി ഫിലിപ്പിനെ 11.30 യോടെ വെയിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബേബി.
കോഴിക്കോട് താമരശേരിയില്‍ നാല്‍പതുകാരനായ യാവാവിനാണ് പൊള്ളലേറ്റത്. സുജേഷിന്‍റെ കൈക്കും ശരീരഭാഗങ്ങളിലും പൊള്ളലേറ്റു. താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി. മലപ്പുറം താനൂരിലും യുവാവിന് സൂര്യാതപമേറ്റു. അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടയിലാണ് പൊള്ളലേറ്റത്. കൈ മുഴുവൻ പൊള്ളി വലിയ കുമിളകൾ നിറഞ്ഞ നിലയിലാണ്.
കുന്നുംപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. കോട്ടയം വെച്ചൂർ കൊടുതുരുത്ത് സ്വദേശി ഇളംതുരുത്തിൽ മാർട്ടിന്‍റെ പത്ത് വയസുള്ള പശുവാണ് ചൂടേറ്റ് ചത്തത്. പതിമൂന്നു ലീറ്റർ പാൽ നല്‍കിയിരുന്ന പശുവാണ്. ഇന്നലെ സന്ധ്യയ്ക്ക് മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിൽ വിറച്ചു വീഴുകയായിരുന്നു.