rajeev-chandrasekhar-on-muslims

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാൻ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക്. ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന പൂര്‍ത്തിയാക്കും. ഒരുകോര്‍കമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക.  അഞ്ച് സീറ്റിന് മുകളിൽ ജയിക്കുമെന്ന പ്രതീക്ഷയാണ് കോര്‍കമ്മിറ്റിക്കുള്ളത്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ  മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി നേരത്തേ വിലയിരുത്തിയിരുന്നു. 

ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.  തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 79.63 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മിഷന്‍റെ കണക്ക്.  വോട്ടെടുപ്പ് കഴിഞ്ഞ് നാലാം ദിവസമാണ് ഔദ്യോഗിക കണക്കുകൾ പൂർണ്ണരൂപത്തിൽ പുറത്തുവിടുന്നത്.  ഒന്‍പതിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 10ന് ലഭിച്ച വിവരങ്ങളാണ് ഇപ്പോള്‍ ക്രോഡീകരിച്ച് പുറത്തുവിട്ടത്. പുരുഷന്‍മാരേക്കാള്‍ 13.63 ലക്ഷം കൂടുതൽ സ്ത്രീകൾ ഇത്തവണ വോട്ടിടാനെത്തി. 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ 6.22 ലക്ഷത്തിന്റെ വർധനവുണ്ടായെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

ENGLISH SUMMARY:

The BJP Kerala Core Committee has expressed strong confidence in winning more than five seats in the 2026 Assembly elections. To verify this, senior leaders will visit districts to conduct a detailed booth-level analysis of polling data. A specialized committee, including one core committee member and two state office-bearers, will complete this review by April 30. The party anticipates a significant increase in vote share across various constituencies where they posed a tough three-way challenge. Key focus areas for expected victories include Nemom, Kazhakoottam, Manjeshwar, Kasaragod, and Palakkad. Additionally, Thiruvananthapuram, Kunnathunad, and Chathannur are also viewed as high-potential segments by the party leadership.