Untitled design - 1

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ രാജ്യതലസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം മുതിര്‍ന്ന നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു. ഉന്തിലും തള്ളിലും നിലത്തു വീണ കെ.സി വേണുഗോപാലിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരായ വി.ഡി സതീശനും ഡി.കെ ശിവകുമാറും സമരത്തില്‍ പങ്കെടുത്തു.   

അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. സുരക്ഷാ സേന നോക്കിനില്‍ക്കെ അതീവ സുരക്ഷാമേഖലയിലെ റോഡില്‍ കുത്തിയിരുന്ന്  മുദ്രാവാക്യം വിളി ആരംഭിച്ചു. കേരളഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രി പി.സി വിഷ്ണുനാഥുമടക്കം നേതാക്കള്‍ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് കുതിച്ചു. വാഹനങ്ങള്‍ തടഞ്ഞതോടെ കാല്‍നടയായും ഓടിയും നേതാക്കള്‍ സമരവേദിയിലെത്തി. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും സമരഭൂമിയിലേക്കെത്തി. 

Also Read: നേപ്പാളിലെ ജെന്‍ സി വിപ്ലവവും ഇന്ത്യയിലെ സിജെപി പ്രക്ഷോഭവും; അതിർത്തി കടക്കുന്ന യുവജന പ്രതിഷേധം

പിരിഞ്ഞുപോകണം എന്ന ഡല്‍ഹി പൊലീസിന്‍റെ തുടര്‍ച്ചയായ അഭ്യര്‍ഥന നേതാക്കള്‍ അവഗണിച്ചു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കാര്യങ്ങള്‍ വഷളാകുന്നത് മനസിലായപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് നേരിട്ടെത്തി മധ്യസ്ഥ ശ്രമം നടത്തി. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ഗാന്ധി. മന്ത്രി മടങ്ങി അല്‍പസമയം കഴിഞ്ഞതും പൊലീസ് നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രിയങ്ക ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേത്തിച്ചു . പൊലീസ് വാഹനത്തില്‍ കയറില്ലെന്ന് ശഠിച്ച വയനാട് എംപിയുമായി പുരുഷ പൊലീസടക്കം മല്‍പിടുത്തം. രാഹുല്‍ഗാന്ധിയെയും തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റി. പൊലീസുമായുള്ള പിടിവലിയില്‍ നിലത്തുവീണ കെ.സി വേണുഗോപാലിന് പരുക്കേറ്റു.

പിന്‍മാറില്ലെന്ന് വാശിപിടിച്ച ഡി.കെ ശിവകുമാറിനെ അവസാനം മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ച് കൊണ്ടുപോയി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെയും പരീക്ഷ ക്രമക്കേടിന്‍റെയും ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം എന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് കോണ്‍ഗ്രസ് തെരുവുപ്രതിഷേധത്തിന് ഇറങ്ങിയത്. 

പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മൂന്നര മണിക്കൂറിന് ശേഷം വിട്ടയച്ചു. ഇവർക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു നേതാക്കളെയും എംപിമാരെയും വിട്ടയച്ചിട്ടുണ്ട്. പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണെന്നും തന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ലെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസർക്കാരും പൊലീസും ചേർന്ന് വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.

അതേസമയം, രാഹുല്‍ ഗാന്ധി വാക്കുമാറിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രംഗത്തെത്തി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പാർലമെന്റില്‍ ചർച്ച ചെയ്യാൻ തയാറാണെന്ന് രാഹുലിനെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച പോര  മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്ന് രാഹുല്‍ നിലപാട് മാറ്റിയെന്ന് ജിതേന്ദ്ര സിങ് ആരോപിച്ചു.  ചർച്ച വേണമെന്ന മുൻ ആവശ്യത്തിൽനിന്ന് പിന്മാറിയത് അദ്ദേഹത്തെപ്പോലൊരു നേതാവിന് ചേർന്ന നടപടിയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി പറഞ്ഞു. നീറ്റ് പോലുള്ള ഗൗരവമേറിയ വിഷയത്തിൽ ചട്ടപ്രകാരം ഔദ്യോഗികമായി ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.  ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാക്രമക്കേടും സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കക്ഷി നേതാക്കൾ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു. തന്റെ വീഴ്ചകൾ വിദ്യാഭ്യാസമന്ത്രി സഭയിൽ  വിശദീകരിക്കണം. ഈയാഴ്ച സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് എം.പിമാർ മാർച്ച് നടത്തുമെന്നും പ്രതിപക്ഷം നിലപാടെടുത്തു. രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗവും ചേർന്നു. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. പരീക്ഷ ക്രമക്കേടിൽ വിദ്യാർഥികൾക്ക് പ്രയാസം നേരിടേണ്ടി ‌വന്നു. ഇത് മുതലെടുത്ത് കുട്ടികളെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ഇക്കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു

കേരളത്തിലും വ്യാപക പ്രതിഷേധം

ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടിയില്‍ കേരളത്തിലും വ്യാപക പ്രതിഷേധം. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും പ്രകടനങ്ങള്‍ നടന്നു. എജീസ് ഓഫിസിലേക്ക് കെഎസ്‍യുവും ലോക്ഭവനിലേക്ക് കോണ്‍ഗ്രസും പ്രകടനം നടത്തി. ലോക്ഭവനുമുന്നിലെ പൊലീസ് ബാരിക്കേ‍ഡിന് മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ പിന്നീട് ബാരിക്കേട് തകര്‍ത്തു. കോഴിക്കോട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. യൂത്ത് കോൺഗ്രസ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി. കൊച്ചിയില്‍ എംജി റോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തിരുവല്ലയിലും ആലപ്പുഴയിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

ENGLISH SUMMARY:

Congress leaders, including Rahul Gandhi and Priyanka Gandhi, were detained and later released after staging a fierce protest outside the Prime Minister's residence in New Delhi to demand the resignation of Education Minister Dharmendra Pradhan over the NEET exam irregularities. The high-voltage protest led to dramatic clashes with the police, resulting in injuries to several leaders and widespread demonstrations across Kerala in solidarity. While the opposition vowed to intensify protests and raise the issue in Parliament, the central government criticized Rahul Gandhi for allegedly altering his stance after initially being offered a formal parliamentary discussion. Both houses of Parliament were adjourned for the day amid continuous opposition uproar over the escalating crisis.