gen-z-protests-nepal-cjp-india

ദക്ഷിണേഷ്യയിലെ രണ്ട് രാജ്യങ്ങളിൽ, രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ഇന്ന് ഒരേ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. 2025-ൽ നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍ സി പ്രക്ഷോഭവും 2026-ൽ ഇന്ത്യയിൽ ശക്തിപ്രാപിച്ച കോക്റോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിലുള്ള യുവജന പ്രക്ഷോഭവും. രണ്ടിനും വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും അവയുടെ അടിത്തറ യുവതലമുറയുടെ നിരാശയും ഭരണകൂടത്തോടുള്ള അവിശ്വാസവുമാണ്. നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭവും ഇന്ത്യയിലെ സിജെപി പ്രസ്ഥാനവും അതിർത്തികൾക്കപ്പുറമുള്ള ഒരേ യാഥാർഥ്യമാണ് വെളിപ്പെടുത്തുന്നത്. ഇന്‍റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു പുതിയ തലമുറ ഭരണകൂടങ്ങളോട് ചോദ്യം ചോദിക്കാൻ തയാറായിക്കഴിഞ്ഞു. രാജ്യങ്ങൾ വ്യത്യസ്തമായിരിക്കാം, പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ സന്ദേശം ഒന്നു മാത്രം,യുവാക്കളെ അവഗണിക്കുന്ന രാഷ്ട്രീയം ഇനി എളുപ്പത്തിൽ മുന്നോട്ട് പോകില്ല!

delhi-cjp-protest-2

അഴിമതിക്കും നേതാക്കള്‍ക്കുമെതിരെയുള്ള പ്രതിഷേധം

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം ആരംഭിച്ചത് ഭരണകൂട അഴിമതിക്കും രാഷ്ട്രീയ നേതാക്കളുടെ ആഡംബര ജീവിതത്തിനുമെതിരെയായിരുന്നു. സോഷ്യൽ മീഡിയ നിരോധനം ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ യുവാക്കളുടെ പ്രതിഷേധത്തെ കൂടുതൽ ശക്തമാക്കി. അധികാരകേന്ദ്രങ്ങളോടുള്ള രോഷം വളരെ വേഗത്തിൽ രാജ്യവ്യാപക പ്രക്ഷോഭമായി മാറുകയും പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിയുടെ രാജിയിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തു.

ഇന്ത്യയിലെ സിജെപി പ്രക്ഷോഭത്തിന്‍റെ തുടക്കം മറ്റൊരു പശ്ചാത്തലത്തിലായിരുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, യുവജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളാണ് പ്രക്ഷോഭത്തിന് ഇന്ധനമായത്. ഒരു ന്യായാധിപന്‍റെ വിവാദ പരാമർശത്തെ പരിഹാസ ചിഹ്നമാക്കി മാറ്റിയാണ് സിജെപി സാമൂഹിക മാധ്യമങ്ങളിൽ ജനപിന്തുണ നേടിയത്.

സോഷ്യൽ മീഡിയയുടെ ശക്തി

രണ്ട് പ്രക്ഷോഭങ്ങളുടെയും ഏറ്റവും വലിയ സാമ്യം അവയുടെ ഡിജിറ്റൽ സ്വഭാവമാണ്. നേപ്പാളിൽ യുവാക്കൾ സാമൂഹിക മാധ്യമങ്ങളെ സംഘടനാപരമായ ഉപാധിയായി ഉപയോഗിച്ചു. സർക്കാർ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിഷേധം വ്യാപിച്ചു. ഇന്ത്യയിൽ സിജെപി ഏതാനും ആഴ്ചകൾക്കുള്ളിൽ കോടിക്കണക്കിന് യുവാക്കളിലേക്കാണ് എത്തിയത് പ്രധാനമായും ഇൻസ്റ്റഗ്രാമും മറ്റ് ഡിജിറ്റൽ പ്ലാറ്റഫോമുകളും വഴിയായിരുന്നു ഇത്. തെരുവിലേക്ക് ഇറങ്ങുന്നതിന് മുന്‍പേ ഓൺലൈൻ ലോകത്ത് ശക്തമായ രാഷ്ട്രീയ സാന്നിധ്യം സൃഷ്ടിക്കാൻ പ്രസ്ഥാനത്തിന് സാധിച്ചു.

Protesters shout slogans as they gather outside the Parliament building in Kathmandu, Nepal, Monday, Sept. 8, 2025. AP/PTI

Protesters shout slogans as they gather outside the Parliament building in Kathmandu, Nepal, Monday, Sept. 8, 2025. AP/PTI

നേതാക്കളേക്കാൾ വലിയ ആശയം

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തിന് വ്യക്തമായ ഒരു കേന്ദ്രീകൃത നേതൃത്വം ഉണ്ടായിരുന്നില്ല. യുവാക്കളുടെ കൂട്ടായ്മയായിരുന്നു അതിന്‍റെ ശക്തി. അതുകൊണ്ടുതന്നെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടായി. സിജെപി പ്രക്ഷോഭത്തിന് അഭിജീത് ദിപ്കെയും സോനം വാങ്ചുക്കും പോലുള്ള മുഖങ്ങൾ ഉണ്ടെങ്കിലും, പ്രക്ഷോഭത്തെ മുന്നോട്ട് നയിക്കുന്നത് ഒരു വലിയ യുവജന വികാരമാണ്. അതുകൊണ്ടാണ് അറസ്റ്റുകളും നിയന്ത്രണങ്ങളും ഉണ്ടായിട്ടും പ്രതിഷേധം തുടരുന്നത്.

abhijeet-dipke-cjp

ഭരണകൂടത്തിന്‍റെ പ്രതികരണം

ഇരു രാജ്യങ്ങളിലും ഭരണകൂടത്തിന്‍റെ ആദ്യ പ്രതികരണം ശക്തമായ നിയന്ത്രണമായിരുന്നു. നേപ്പാളിൽ പ്രതിഷേധം അക്രമാസക്തമാവുകയും സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. ഒടുവിൽ സർക്കാർ പിൻവാങ്ങേണ്ടിവന്നു. ഇന്ത്യയിൽ ഡൽഹിയിലെ പാർലമെന്‍റ് മാർച്ചിനിടെ കണ്ണീർവാതക പ്രയോഗവും ലാത്തിചാര്‍ജുമുണ്ടായി. അതേസമയം പ്രതിഷേധക്കാരുമായി സർക്കാർ ചർച്ച നടത്താൻ തയ്യാറായതും ശ്രദ്ധേയമാണ്.

A demonstrator waves a flag as he stands atop a vehicle near the entrance of the Parliament during a protest against corruption and government s decision to block several social media platforms, in Kathmandu, Nepal September 8, 2025. REUTERS/Navesh Chitrakar     TPX IMAGES OF THE DAY

A demonstrator waves a flag as he stands atop a vehicle near the entrance of the Parliament during a protest against corruption and government s decision to block several social media platforms, in Kathmandu, Nepal September 8, 2025. REUTERS/Navesh Chitrakar TPX IMAGES OF THE DAY

യുവജന രാഷ്ട്രീയത്തിന്‍റെ പുതിയ അധ്യായം

നേപ്പാളിലെയും ഇന്ത്യയിലെയും ഈ പ്രക്ഷോഭങ്ങൾ ഒരു വലിയ മാറ്റത്തിന്‍റെ സൂചനയാണ്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസം കുറഞ്ഞുവരികയും യുവാക്കൾ സ്വന്തം രാഷ്ട്രീയ ഭാഷയും പ്രതീകങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ വെറും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മാത്രമല്ല, ഉത്തരവാദിത്തവും സുതാര്യതയും ഭാവിയെക്കുറിച്ചുള്ള ഉറപ്പുമാണ് ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

The Gen Z protests in Nepal (2025) and the Cockroach Janata Party (CJP) youth movement in India (2026) represent a shared political reality across South Asian borders: a hyper-connected younger generation demanding transparency, accountability, and systemic reform from traditional regimes. While Nepal's movement was sparked by state corruption, lavish political lifestyles, and social media bans—ultimately leading to the resignation of Prime Minister K.P. Sharma Oli—India's CJP movement gained traction over NEET paper leaks, soaring unemployment, and judicial controversies. Both decentralized movements effectively leveraged digital platforms like Instagram to mobilize millions offline, weathering state crackdowns, lathi charges, and arrests to signal that youth-centric issues can no longer be sidelined in regional politics.