cjp

ഡൽഹിയിലെ സിജെപി പാർലമെന്‍റ് മാർച്ചിനിടെ കസ്റ്റഡിയിൽ ആയ പ്രതിഷേധക്കാരെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. പാർലമെന്‍റ് സ്ട്രീറ്റ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടികൾ അടക്കമുള്ളവരെ യൂണിഫോമിൽ അല്ലാത്ത പൊലീസുകാർ ജാതി ചോദിച്ച് മർദ്ദിച്ചെന്നാണ് പരാതി. പരുക്കേറ്റ് ചോരയൊലിച്ചവരെ മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിലെടുത്ത് ബസിലിരുത്തിയതായി ഇടതു നേതാക്കളും ആരോപിച്ചു. 

ജന്തർ മന്തറിൽ നിന്നും സമീപ റോഡുകളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരു വിഭാഗത്തെ കൊണ്ടുപോയത് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. അവിടെ എത്തിച്ചശേഷം ഒരു മുറിയിലേക്ക് കയറ്റി യൂണിഫോമിൽ അല്ലാത്ത ചിലരെത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടികളെയും ഇവർ മർദ്ദിക്കുകയും വസ്ത്രം കീറുകയും ചെയ്തു. ജാതി ചോദിച്ചു മർദ്ദിച്ചെന്നും പരാതി.

പൊലീസ് ലാത്തി ചാർജിനും തുടർച്ചയായ കണ്ണീർ വാതകപ്രയോഗത്തിനും ഇടയിൽ പരിക്കേറ്റ് ചോരയൊലിച്ചവരെയാണ് മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിലെടുത്ത് ബസിൽ ഇരുത്തിയത്. വിവരമറിഞ്ഞ ഇടത് എംപിമാരും നേതാക്കളും എത്തിയാണ് പരുക്കേറ്റവരെ പുറത്തിറക്കി ചികിത്സയുറപ്പാക്കിയത്. ഇന്നലെ സമരത്തെ നേരിടാൻ നിയോഗിച്ച സേനാംഗങ്ങൾ ഒന്നും പേരോ ഡെസിഗ്നേഷനോ ധരിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Delhi police brutality allegations have surfaced following a protest march where detainees, including female students, were reportedly subjected to severe beatings and casteist slurs by plainclothes officers at Parliament Street police station. Injured protesters were allegedly held in custody for hours, prompting intervention from Left leaders.