2018-ലെ മഹാപ്രളയം സംബന്ധിച്ച് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്ന് തിരുവല്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസ്. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയത് അഴിമതിയുടെ ഭാഗമാണെന്ന ആരോപണം അദ്ദേഹം പൂർണ്ണമായും തള്ളി. കേന്ദ്ര ജല കമ്മീഷന്റെയും ചെന്നൈ ഐ.ഐ.ടിയുടെയും പഠന റിപ്പോർട്ടുകൾ പ്രകാരം അതിതീവ്ര മഴയാണ് പ്രളയത്തിന് കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. Also Read: ‘2018ലെ പ്രളയം മനുഷ്യനിർമിതം’; മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

സ്പിൽവേകൾ കൃത്യസമയത്ത് തുറന്നിരുന്നുവെന്നും മേരി മാതാ കൺസ്ട്രക്ഷൻസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കമ്പനി തന്റെ ശത്രുപക്ഷത്താണെന്നും മാത്യു.ടി.തോമസ് പ്രതികരിച്ചു.  മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ കുഴൽനാടന്റെ സൃഷ്ടിയാകാനാണ് സാധ്യതയെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഇത്തരം വിവാദങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും മാത്യു ടി. തോമസ് പ്രതികരിച്ചു.

കേരളത്തെ തകര്‍ത്ത 2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍. അന്നത്തെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്രട്ടറി കൂടിയായ ചീഫ് എന്‍ജിനീയര്‍ ജോഷിക്കും ജലസേചനമന്ത്രി മാത്യു ടി.തോമസിനും എതിരെ ഗുരുതര അഴിമതി ആരോപണമാണ് ശബ്ദസംഭാഷണത്തില്‍ കൃഷ്ണന്‍കുട്ടി ഉയര്‍ത്തുന്നത്. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ക്കരാര്‍ എടുത്ത മേരിമാതാ കണ്‍സ്ട്രക്ഷന്‍സിനുവേണ്ടിയാണെന്നും കൃഷ്ണന്‍കുട്ടി പറയുന്നു.

മണിയാര്‍ പ്രോജ്ക്ടിലെ സൂയിസ് വാല്‍വ് തുറക്കേണ്ടിവന്നതാണ് ചെങ്ങന്നൂരില്‍ അടക്കം നാശംവിതച്ചത്. തമിഴ്നാട്ടിലെ കരാറുകാരനുമായി ഒത്തുകളിച്ച് പറമ്പിക്കുളത്തെ വെള്ളം പെരിങ്ങല്‍ക്കുത്തിലേക്ക് ജോഷി തിരിച്ചുവിട്ടു. അതാണ് ചാലക്കുടിപ്പുഴയില്‍ നാശംവിതച്ചതെന്നും കൃഷ്ണന്‍കുട്ടി പറയുന്നു. 

ENGLISH SUMMARY:

The political controversy surrounding the 2018 Kerala floods intensifies as LDF candidate Mathew T. Thomas dismisses the audio clip released by Congress MLA Mathew Kuzhalnadan as fake. Rejecting allegations of corruption and dam mismanagement, Thomas cites scientific reports by the Central Water Commission and IIT Madras, attributing the floods to extreme rainfall. The claims and counterclaims involving Minister K. Krishnankutty and others have sparked a heated debate ahead of elections, with both sides accusing each other of misinformation and political manipulation.