തിരഞ്ഞെടുപ്പ് ഫലം വന്ന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ പൂരാവേശത്തിലായിരുന്ന കെ.പി.സി.സി ആസ്ഥാനം, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, പതിയെ പതിയെ ആളൊഴിഞ്ഞ അവസ്ഥയിലായി. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരില്‍ എ.പി.അനില്‍കുമാറും പി.സി.വിഷ്ണുനാഥും മന്ത്രിമാരായതും ഇന്ദിരാഭവനെ ശൂന്യമാക്കി. അവേശഷിക്കുന്ന വര്‍ക്കിങ് പ്രസിഡന്റായ ഷാഫി പറമ്പിലും ഇന്ദിരാഭവനിലേക്ക് വരവില്ലെന്നാണ് വിവരം. വരാനിരിക്കുന്ന പുതിയ കെ.പി.സി.സി അധ്യക്ഷനെ അനുസരിച്ചായിരിക്കും ഇന്ദിരാഭവന്‍ സജീവമാവുകയെന്നാണ് നേതാക്കള്‍ പറയുന്നത്. 

സണ്ണി ജോസഫിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും നേതാക്കളുടെ മത്സരം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് ആയത് കൊണ്ടുതന്നെ, ഒരു പദവിക്കായി ഒട്ടേറെ പേരാണ് വടംവലിക്കുന്നത്. ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നാല്‍ വൈകാതെ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അഭിപ്രായം തേടുമെങ്കിലും കെ.സി.വേണുഗോപാലിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. 

കെ.പി.സി.സി അധ്യക്ഷ നിയമനത്തില്‍ മാനദണ്ഡം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന ഒരുപിടി എം.പിമാര്‍ ചരടുവലി തുടങ്ങിയതോടെയാണ് മാനദണ്ഡത്തിനായുള്ള മുറവിളി. ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളില്‍ എം.പിമാരുണ്ട്, എംഎല്‍.എയുണ്ട്, മുതിര്‍ന്ന നേതാക്കളുണ്ട്. ഇതിനിടയില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ പോലെ സ്വയം അവകാശവാദം ഉയര്‍ത്തി നില്‍ക്കുന്നവരുമുണ്ട്. ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളും അവര്‍ക്കുള്ള നേട്ടങ്ങളും കോട്ടങ്ങളും ഇങ്ങനെയാണ്. 

കൊടിക്കുന്നില്‍ സുരേഷ് 

കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എം.പി (എട്ടുതവണ). മുന്‍ കേന്ദ്രമന്ത്രി. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ്. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും കൊടിക്കുന്നിലാണ്. മുല്ലപ്പള്ളി രാമചന്ദ്രനും കെ.സുധാകരനും അധ്യക്ഷന്മാരായിരിക്കെ, പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. മുന്‍പും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ കണ്ട് നേരിട്ട് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പൊതുവേ അയോഗ്യതകളൊന്നുമില്ലെങ്കിലും ഒന്നിലധികം സുപ്രധാന പദവികള്‍ വഹിക്കുന്നത് തിരിച്ചടിയാണ്. 

ബെന്നി ബഹ്നാന്‍ 

നിലവില്‍ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാഗം. രണ്ടുതവണ എം.എല്‍.എയായിട്ടുണ്ട്. 17 വര്‍ഷക്കാലം കെ.പി.സി.സി ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1981 മുതല്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗം. 2018–20 കാലത്ത് യുഡിഎഫ് കണ്‍വീനറായിരുന്നു.  സുദീര്‍ഘമായ സംഘടനാപ്രവര്‍ത്തന പാരമ്പര്യം കരുത്തായി നില്‍ക്കുമ്പോള്‍, ആകെയുള്ള ന്യൂനത മുഖ്യമന്ത്രി വി.ഡി.സതീശന്റെ ബെന്നി ബഹ്നാന്റെയും ജില്ല ഒന്നാണെന്നതാണ് – എറണാകുളം. എല്‍ഡിഎഫ് അധികാരത്തിലിരിക്കെ മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കണ്ണൂര്‍ക്കാരായിരുന്നുവെന്നത് വസ്തുതയാണെങ്കിലും,  അത്തരം പ്രാദേശിക ഘടകങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കും. 

അടൂര്‍ പ്രകാശ് 

നിലവി‍ല്‍ ആറ്റിങ്ങലില്‍ നിന്നുള്ള ലോക്സഭാംഗവും യുഡിഎഫ് കണ്‍വീനറുമാണ്. ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യപ്പെട്ടെങ്കിലും എം.പിമാര്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തില്‍ തട്ടി മാറിനിന്നു. അഞ്ചുതവണ എം.എല്‍.എയായിരുന്ന അടൂര്‍, രണ്ടുതവണ മന്ത്രിയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പക്ഷാഘാതം വന്നെങ്കിലും ചികിത്സയ്ക്ക് ശേഷം പൊതുരംഗത്ത് സജീവമായി. 

ആന്റോ ആന്റണി 

നിലവില്‍ പത്തനംതിട്ട എം.പിയാണ്. നാലാംതവണ പത്തനംതിട്ടയില്‍ നിന്ന് വിജയിച്ച ആന്റോ സണ്ണി ജോസഫിനൊപ്പം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കളുടെ ശക്തമായ എതിര്‍പ്പില്‍ തട്ടി വെട്ടിപ്പോയ ആന്റോ ഇത്തവണ സജീവമായി മുന്‍പിലുണ്ട്. 

എം.എം.ഹസന്‍

കെ.പി.സി.സി മുന്‍ അധ്യക്ഷന്‍, യുഡിഎഫ് മുന്‍ കണ്‍വീനര്‍, മന്ത്രി ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ച എം.എം.ഹസന്‍റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വടംവലി രൂക്ഷമായാല്‍ സര്‍ക്കാരില്‍ പദവികള്‍ വേണ്ടെന്ന നിലപാടുള്ള ഹസനെ പരിഗണിച്ച് സമവായം കണ്ടെത്താനും ശ്രമം നടന്നേക്കും. 

ജോസഫ് വാഴക്കന്‍

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ജനപ്രതിനിധികളെ പരിഗണിക്കരുതെന്ന ആവശ്യമുയര്‍ത്തിയ നേതാക്കളില്‍ ഒരാള്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പതിനൊന്ന് വര്‍ഷവും വൈസ് പ്രസിഡന്റായി പത്തുവര്‍ഷവും സെക്രട്ടറിയായി അഞ്ചുവര്‍ഷവും പ്രവര്‍ത്തിച്ച വാഴക്കന്‍, മൂവാറ്റുപ്പുഴയില്‍ നിന്ന് 2011ല്‍ എംഎല്‍.എയായിട്ടുണ്ട്. കെ.എസ്.യു അധ്യക്ഷനായിരുന്നു.

ഷാഫി പറമ്പില്‍

നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.പിയും. മൂന്നുതവണ പാലക്കാട് എം.എല്‍.എ. കോണ്‍ഗ്രസിലെ ഏറ്റവും ക്രൗഡ് പുള്ളറായ യുവ നേതാവ് എന്ന ലേബല്‍ തന്നെയാണ് ഷാഫിക്ക് കരുത്താകുന്നത്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. 

മാത്യു കുഴല്‍നാടന്‍

മൂവാറ്റുപ്പുഴയില്‍ നിന്നുള്ള എംഎല്‍എ. പിണറായി വിജയനെതിരെ പോരാടിയെന്ന ഇമേജ് പാര്‍ട്ടിയിലും അണികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിപ്പിച്ചു. 

തലവേദന കെസിക്ക്

രമേശ് ചെന്നിത്തല പക്ഷക്കാരനായ ജോസഫ് വാഴക്കന്‍ ഒഴികെയുള്ളവര്‍, കെ.സി. വേണുഗോപാല്‍ പക്ഷത്തോട് കൂറുള്ള നേതാക്കളാണ്. അതിനാല്‍, ഒരു പേര് തിരഞ്ഞെടുക്കുന്നതിലും കെ.സിക്ക് തലവേദനയേറും. അവസാനലാപ്പില്‍ മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് മാറേണ്ടിവന്ന കെ.സി, പാര്‍ട്ടിയിലെ പിടി വിട്ടുകളയാന്‍ താല്‍പര്യപ്പെടില്ലെന്നിരിക്കെ, ആരെ തിരഞ്ഞെടുക്കുമെന്നതില്‍ പാര്‍ട്ടിയിലും ആകാംക്ഷ ഏറിയിട്ടുണ്ട്.

ENGLISH SUMMARY:

The KPCC headquarters has become quiet after the swearing-in ceremony as several key figures, including the KPCC President and working presidents, have become ministers. The search for a new KPCC President is underway with intense lobbying and competition among potential candidates.