കേരളത്തിൽ വള്ളംകളി സീസൺ തുടങ്ങുന്ന ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട്ടിൽ പ്രാദേശിക അവധി അനുവദിക്കണമെന്ന് നിയമസഭയിൽ റെജി ചെറിയാൻ  കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി പുതുതായി പൊതു അവധി, പ്രാദേശിക അവധി, നിയന്ത്രിത അവധി എന്നിവ അനുവദിക്കേണ്ട എന്നാണ് പൊതുവായി സ്വീകരിച്ച നിലപാടെന്ന് പറഞ്ഞ വി.ഡി. സതീശൻ മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് മറുപടി നൽകി. എന്നാൽ മറുപടിക്ക് ശേഷം തന്‍റെ സീറ്റിൽ ഇരുന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങൾ മൈക്ക് ഓൺ ആയിരുന്നതിനാൽ എല്ലാവരും കേട്ടു. ‘ഒരിക്കലും അനുവദിക്കില്ല എന്നായിരുന്നു അത്;. സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലായി.

 

മൂലം വള്ളംകളിക്ക് അവധി ലഭിക്കും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് റെജി ചെറിയാൻ പ്രതികരിച്ചു. അനൗദ്യോഗികമായി പറഞ്ഞ കാര്യങ്ങൾ തനിക്ക് നോക്കേണ്ട കാര്യമില്ല. അവധി തന്നില്ല എങ്കിലും കുട്ടനാടിന് അന്ന് അവധി പോലെയാകും. അത് ഔദ്യോഗികം ആക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും റെജി ചെറിയാൻ. 

 

അതേസമയം, ‘ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത, ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്’ ആണെന്ന് വിഡിയോ ഷെയർ ചെയ്ത് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ  പരിഹസിച്ചു. ബിനീഷ് കോടിയേരിയും സതീശനെ പരിഹസിച്ച് രംഗത്തെത്തി.

ENGLISH SUMMARY:

A hot mic moment in the Kerala Assembly has sparked political controversy after the Chief Minister was heard allegedly dismissing a proposal for a local holiday during the Champakulam Moolam Boat Race. The incident went viral on social media, drawing reactions from MLA Reji Cherian, K.U. Jenish Kumar, and Bineesh Kodiyeri. The debate has reignited discussions over local holidays and political credibility in Kerala.