കെ.പി.സി.സി അധ്യക്ഷനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. മാത്യു കുഴല്‍നാടന്‍റെ പേരിനാണ് നിലവില്‍ മുന്‍ഗണന. വിദേശപര്യടനം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതോടെയാണ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമടക്കം മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍. 

 

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിസഭാംഗമായതോടെയാണ് പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഒട്ടേറെ നേതാക്കള്‍ പ്രസിഡന്‍റ് സ്ഥാനത്തിനായി രംഗത്തെത്തിയതോടെ തീരുമാനമെടുക്കുന്നത് ദേശീയ നേതൃത്വം തല്‍ക്കാലം മാറ്റിവയ്ക്കുകയായിരുന്നു. വിദേശപര്യടനം കഴിഞ്ഞ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയതോടെ ചര്‍ച്ചകള്‍ക്ക് വേഗം കൂടി. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ പേരിനാണ് നിലവില്‍ മുന്‍തൂക്കം. 

 

മുന്‍പ് ശശി തരൂരിനൊപ്പമായിരുന്ന കുഴല്‍നാടന്‍ നിലവില്‍ കെ.സി വേണുഗോപാലിന്‍റെ വിശ്വസ്തനാണ്. നിയമസഭയിലെ പ്രകടനം  അനുകൂലമാണെങ്കിലും  എ ഐ ഗ്രൂപ്പ് നേതൃത്വം  കുഴല്‍നാടനെതിരെ രംഗത്തുണ്ട്.

സംഘടനാപ്രവര്‍ത്തന രംഗത്തെ പരിചയക്കുറവാണ് പ്രധാനമായും ഗ്രൂപ്പ് നേതാക്കള്‍  ഉയര്‍ത്തിക്കാട്ടുന്നത്. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പോകുന്നയാളാവണം പാര്‍ട്ടി അധ്യക്ഷനെന്നും നേതാക്കള്‍ സൂചിപ്പിച്ചു. 

 

എ ഗ്രൂപ്പില്‍ നിന്ന് ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍, ഐ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴയ്ക്കന്‍, എഐസിസി വര്‍ക്കിങ് കമ്മിറ്റിയംഗം കൊടിക്കുന്നില്‍ സുരേഷ്  എന്നീ പേരുകളും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനത്തിന് മുമ്പ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും.

ENGLISH SUMMARY:

The Congress high command is expected to announce the new Kerala Pradesh Congress Committee (KPCC) president soon. Muvattupuzha MLA Mathew Kuzhalnadan is currently the frontrunner for the post. Discussions have gathered pace after Congress leader Rahul Gandhi returned to Delhi following his foreign visit. Congress President Mallikarjun Kharge has sought the views of senior Kerala leaders, including Leader of the Opposition V.D. Satheesan and senior Congress leader Ramesh Chennithala.