tn-prathapan-on-vadanappally-kit-row

തൃശൂര്‍ വാടാനപ്പള്ളിയിലെ ഭക്ഷ്യക്കിറ്റ് വിവാദം കൊഴുക്കുന്നു. ബിജെപി കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്ന് ടി.എന്‍.പ്രതാപന്‍ മനോരമന്യൂസിനോട് പറഞ്ഞു. ബിജെപിയുമായി താന്‍ നിരന്തരം പോരാട്ടത്തിലാണെന്നും സുരേഷ്​ഗോപിയെ 2019ല്‍ പരാജയപ്പെടുത്തിയ തന്നെ ലോക്സഭയില്‍ നിന്ന് 5 വട്ടം സസ്പെന്‍ഡ് ചെയ്താണ് ബിജെപി പകവീട്ടിയതെന്നും പ്രതാപന്‍ പറയുന്നു. അതേസമയം, ടി.എന്‍.പ്രതാപന്‍റേത് ശൂന്യതയില്‍ നിന്നുള്ള നാടകമാണെന്നും ഒരു കിറ്റ് ബിജെപി നല്‍കിയെന്ന് തെളിയിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ. അനീഷ്കുമാര്‍ പറഞ്ഞു. കിറ്റ് സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. 

ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ ജനാധിപത്യനിയമപ്രകാരം കേസെടുക്കണോ എന്നതില്‍ കോടതി ഇന്ന് തീരുമാനം കൈക്കൊള്ളും. ഭക്ഷ്യക്കിറ്റ് വിതരണത്തിന്‍റെ പേരില്‍നടന്ന സംഘര്‍ഷത്തില്‍ മാത്രമാണ് കേസെടുത്തത്. തുടര്‍നടപടിക്ക് അനുമതി തേടി പൊലീസ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വാദം കേട്ടശേഷം തുടര്‍നടപടി കോടതി തീരുമാനിക്കും.

മണലൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചാമ്പ്യന്‍സ് ട്രേഡേഴ്സ് എന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ് തയാറാക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെയാണ് യുഡിഎഫ്–എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിയത്. ബിജെപി പ്രവര്‍ത്തകരും സംഘടിച്ചതോടെ കേന്ദ്ര സേന രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നതായിരുന്നു ഗോഡൗണ്‍. ഈ വീട്ടില്‍ സംഭവസമയത്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ദേവന്‍ ഉണ്ടായിരുന്നു. ഇതറിഞ്ഞതോടെ പ്രതിഷേധം കനത്തു. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിനായി എത്തിയതാണ് ദേവനെന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിച്ചത്. 

ENGLISH SUMMARY:

The controversy over alleged food kit distribution by the BJP in Vadanappally, Thrissur, has intensified. TN Prathapan claimed to have evidence of kits being prepared at a private godown in Manalur to influence voters. Meanwhile, BJP candidate KK Aneesh Kumar challenged Prathapan to prove the allegations, terming them a political drama. The Chavakkad Magistrate Court is expected to decide today whether to permit further legal action following a police report on the clash that occurred at the site. BJP State President Rajeev Chandrasekhar also reacted, calling for a thorough investigation into the claims.