സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. മസ്കറ്റ് ഹോട്ടലിൽ പ്രമുഖ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ജയശങ്കർ പേര് പറഞ്ഞതും വോട്ട് അഭ്യർഥിച്ചതും രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്.
വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.സോമനോട് കയർക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസംഗം തുടർന്ന രാജീവ് ചന്ദ്രശേഖർ ശ്രീ ലേഖയ്ക്കുവേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോൾ വേദിയിൽ ശ്രീലേഖയില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുയായിരുന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും ശ്രീലേഖ അതൃപ്‌തി അറിയിച്ചതായാണ് വിവരം. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതൽ പരിപാടികൾ പാർട്ടി നിർദ്ദേശിച്ചപ്പോൾ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാർഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്. അതേസമയം, ഇറങ്ങിപ്പോക്ക് നിഷേധിച്ച ശ്രീലേഖ കള്ളവാർത്ത സൃഷ്ടിക്കുന്നത് ലജ്ജാകരം എന്നും പ്രതികരിച്ചു.
മുന്‍പും തനിക്ക് അതൃപ്തിയുണ്ടായപ്പോളെല്ലാം ശ്രീലേഖ അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി പൊതു സമ്മേളന വേദിയില്‍ മോദിയുടെ അടുത്ത് പോലും ചെല്ലാതെ, മേയറാക്കാത്തതിലെ അതൃപ്തി ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. മേയര്‍ വി.വി.രാജേഷും, കെ.സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനില്‍ക്കുകയായുരുന്നു.
അതിന് മുന്‍പ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ നിന്നും ശ്രീലേഖ വിട്ടുനിന്നിരുന്നു. മേയര്‍ പദവി ലഭിക്കാത്തതില്‍ നീരസം പ്രകടമാക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണെന്നും വ്യക്തിപരമായ മറ്റ് കാരണങ്ങളുമുണ്ടെന്നും ശ്രീലേഖ പിന്നീട് വിശദീകരിച്ചത്.