കേരളത്തില്‍ താമരവിരിയിക്കാനുള്ള ആവേശത്തില്‍ അവസാന ദിനങ്ങളിലും അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്രനേതാക്കളെ ഇറക്കി പ്രചാരണം ഊര്‍ജിതമാക്കി ബി.ജെ.പി. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചാണ് പ്രചാരണം. ഡീല്‍ –FCRA ആരോപണങ്ങള്‍ പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മഞ്ചേശ്വരം ഉറപ്പെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. കുറഞ്ഞത് അഞ്ച് സീറ്റ് വരെയാണ് ബി.ജെ.പി സ്വപ്നം കാണുന്നത്.
മാറാത്തത് മാറും എന്നതാണ് ബി.ജെ.പിയുടെ പ്രചാരണവാചകം. കേരളത്തിലെ വികസന മുരടിപ്പ് മാറ്റും എന്നതാണ് ഉദേശിക്കുന്നതെങ്കിലും ഓരോ വോട്ടെണ്ണല്‍ കഴിയുമ്പോളും ബി.ജെ.പിയുടെ സീറ്റ് നില പൂജ്യമാണെന്ന അവസ്ഥ ഇത്തവണ മാറുമെന്ന സ്വപ്നവും അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിന് പറ്റിയ ഏറ്റവും നല്ല സമയമെന്ന നിലയില്‍ പ്രധാനമന്ത്രിയടക്കം ഒരു ഡസനിലേറെ കേന്ദ്രമന്ത്രിമാര്‍ ദിവസങ്ങളോളം തമ്പടിച്ച് പ്രചാരണം നയിച്ചു. പണവും ആള്‍ബലവും സാങ്കേതികതയും ഇറക്കി മണ്ഡലങ്ങള്‍ ഇളക്കി മറിച്ചു കലാശക്കൊട്ടിന്‍റെ തലേദിവസവും പ്രചാരണത്തിന് നേതൃത്വം നല്‍കി അമിത് ഷാ.
വികസനം മുദ്രാവാക്യത്തിലൂന്നിയ ബി.ജെ.പിക്ക് ആദ്യം കോണ്‍ഗ്രസ് ഉന്നയിച്ച ഡീല്‍ വിവാദം തിരിച്ചടിയുയായി. ക്രിസ്ത്യന്‍ വോട്ടില്‍ കണ്ണുവെച്ച ബി.ജെ.പിക്ക് അതിലും വലിയ തിരിച്ചടിയായി എഫ്.സി.ആര്‍.എ നിയമഭേദഗതി. ബില്‍ തല്‍കാലത്തേക്ക് മാറ്റിയതും കിരണ്‍ റിജ്ജു അടക്കമുള്ള മന്ത്രിമാര്‍ സഭാ നേതാക്കളോട് ആശയവിനിമയം നടത്തുകയും ചെയ്തതോടെ ആഘാതം കുറഞ്ഞെന്നാണ് പ്രതീക്ഷ.