കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി ഹിജാബ് ധരിക്കാം. 2022ല്‍ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചു. പൂണൂല്‍ ധരിക്കുന്നതിനുള്ള നിയന്ത്രണവും മാറ്റി. സ്കൂൾ വിദ്യാർഥികൾക്ക് ഹിജാബ്, ജനിവാര (പൂണൂൽ), ശിവധാര, രുദ്രാക്ഷം എന്നിവ ധരിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ നയത്തിലാണ് മാറ്റമുണ്ടായിരിക്കുന്നത്. ബിജെപി സർക്കാർ കൊണ്ടുവന്ന യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബുധനാഴ്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം കർണാടകയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമായി തുടരും. 

അതേസമയം, കാവി ഷാൾ ധരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിട്ടില്ല. കാവി ഷാൾ മതപരമായ ആചാരത്തിന്‍റെ ഭാഗമല്ലെന്ന നിലപാടിലാണ് സർക്കാർ. ഇത്തരം ചിഹ്നങ്ങൾ ധരിക്കുന്നതിന്‍റെ പേരിൽ ഒരു വിദ്യാർഥിക്കും ക്ലാസ് മുറികളിലോ പരീക്ഷാ ഹാളിലോ പ്രവേശനം നിഷേധിക്കരുതെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ ആരെയും നിർബന്ധിക്കാനോ, ധരിക്കുന്നവരെ തടയാനോ പാടില്ലെന്ന് സർക്കാർ ഓർമ്മിപ്പിച്ചു. വിവേചനരഹിതവും മതേതരവുമായ രീതിയിലായിരിക്കണം ഈ നയം നടപ്പിലാക്കേണ്ടത്. മുൻപുണ്ടായിരുന്ന എല്ലാ വിരുദ്ധ ഉത്തരവുകളും ഇതോടെ റദ്ദാക്കപ്പെട്ടു.

ENGLISH SUMMARY:

Karnataka has lifted the Hijab ban in educational institutions, with the Congress government revoking the 2022 order by the BJP government. This move allows students to wear religious symbols like Hijab, Janivara, Shivadhaara, and Rudraksha.