Image : Twitter
'റെയ്ന്‍ റെയ്ന്‍ ഗോ എവേ' എന്നതടക്കമുളള ഇംഗ്ലീഷ് നഴ്സറി ഗാനങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ്. ഇത്തരം നഴ്സറി ഗാനങ്ങള്‍ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും എതിരാണെന്ന് മന്ത്രി യോഗേന്ദ്ര ഉപാധ്യായ് ആരോപിച്ചു. ഈ പാട്ടുകള്‍ കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവരുടെ ഉളളില്‍ സ്വാർഥത വളർത്തുകയും ചെയ്യുമെന്നും യോഗേന്ദ്ര ഉപാധ്യായ് പറഞ്ഞു.
കഴിഞ്ഞ ദിവസം കാൺപൂരിൽ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസം കേവലം ഒരു തൊഴിൽ നേടലല്ലെന്ന് പറഞ്ഞ മന്ത്രി ഭാവി തലമുറകളെ ഉചിതമായ മൂല്യങ്ങൾ പകർന്ന് രൂപപ്പെടുത്തലാണ് എന്നും ഓര്‍മപ്പെടുത്തി. എന്നാല്‍ 'ജോണി ജോണി യെസ് പപ്പ' 'റെയ്ന്‍ റെയ്ന്‍ ഗോ എവേ' പോലുളള ഇംഗ്ലീഷ് നഴ്സറി ഗാനങ്ങളെ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ മാതാപിതാക്കള്‍ അഭിമാനത്തോടെ 'ജോണി ജോണി യെസ് പപ്പ' എന്ന ഗാനം കുട്ടികളെ കൊണ്ട് പാടിക്കാറുണ്ട്. നുണ പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിന് തുല്യമാണിതെന്ന് മന്ത്രി പറഞ്ഞു. ഈറ്റിങ് ഷുഗര്‍? നോ പപ്പ എന്നു പാടുമ്പോള്‍ അവിടെ കളളം പറയാനുളള പ്രേരണയാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും മന്ത്രി ആരോപിച്ചു.
'റെയ്ന്‍ റെയ്ന്‍ ഗോ എവേ' എന്ന ഗാനത്തെയും മന്ത്രി എടുത്ത് പറഞ്ഞാണ് വിമര്‍ശിച്ചത്. ജോണി എന്ന കുട്ടിക്ക് കളിക്കണമെന്നുള്ളതുകൊണ്ടു മഴയോട് പോയിട്ട് പിന്നെ വരാന്‍ പറയുന്നതാണ് ഇതിലെ വരികള്‍. സ്വന്തം സുഖത്തിനു പ്രകൃതിയോടുപോലും മാറണമെന്നത് പ്രകടിപ്പിക്കുകയാണ് ഈ ഗാനം ചെയ്യുന്നതെന്ന് മന്ത്രി യോഗേന്ദ്ര ഉപാധ്യായ് ചൂണ്ടിക്കാട്ടി. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമാജ്‌വാദി പാർട്ടി രംഗത്ത് വന്നു.