ചിക്കനൊപ്പം കൊടുത്ത നാരങ്ങായെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടയ്ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം. വടക്കാഞ്ചേരിയിലാണ് സംഭവം. ചിക്കനൊപ്പം കൊടുത്ത നാരങ്ങയില്‍ നീരില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. യുവാക്കളുടെ മര്‍ദനത്തില്‍ ഹോട്ടലുടമയുടെ മൂന്ന് പല്ലുകള്‍ പോയി. ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. 

ചിക്കന്‍ ചില്ലിക്കൊപ്പം വിളിമ്പിയ നാരങ്ങയില്‍ ആവശ്യത്തിന് നീരില്ല എന്നുപറഞ്ഞായിരുന്നു യുവാക്കള്‍ ബഹളം തുടങ്ങിയത്. പിന്നീട് വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. വടക്കാഞ്ചേരിയിലെ മിണലൂരിലുളള സെലക്ട് ഹോട്ടലിലാണ് സംഭവം നടന്നത്. വാക്കുതര്‍ക്കത്തെ പ്രതിരോധിച്ച് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടലുടമ ശ്രമം നടത്തിയതോടെ പ്രശ്നം പരിഹരിച്ച് യുവാക്കള്‍ അവിടെ നിന്ന് മടങ്ങി. എന്നാല്‍ അല്‍പസമയത്തിനുളളില്‍ ഇവര്‍ 7 അംഗ സംഘമായി ആക്രമിക്കാന്‍ മടങ്ങിയെത്തുകയായിരുന്നു. 

ക്രിക്കറ്റ് ബാറ്റും മറ്റുമായാണ് യുവാക്കള്‍ മടങ്ങിയെത്തിയത്. ഹോട്ടലിലെത്തിയ ഉടനെ ഉടമയെയും ജോലിക്കാരെയും മാരകമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സംഘം അവിടെ നിന്നും കടന്നുകളഞ്ഞു. ആക്രമണം നടത്തിയ 7 പേരില്‍ ഒരാളെ അറസ്റ്റുചെയ്തതായും ബാക്കിയുളളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

A hotel owner in Vadakkenchery, Kerala, was brutally assaulted by a group of youths over a dispute regarding the lemon served with chicken. The altercation escalated from a disagreement about the lemon's juice content to a physical attack, resulting in the owner losing three teeth and other staff being injured, with CCTV footage aiding the police investigation.