യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ തൊപ്പി ഗ്യാങ്ങിലെ മമ്മു എന്ന മുഹമ്മദ് അറസ്റ്റില്‍. മഞ്ചേരി പൊലീസാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബർ തൊപ്പിക്കെതിരായ കേസിലെ ആദ്യ അറസ്റ്റ് കൂടിയാണിത്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ലൈവ് സ്ട്രീമിങ്ങിനിടയില്‍ ഗായകൻ ഹനാൻഷായെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ഭാര്യയെ മമ്മു അധിക്ഷേപിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. 

അതേസമയം സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ തിരഞ്ഞ് പൊലീസ്. നിഹാദ് വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനൊരുങ്ങുകയാണ്. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയ ശേഷം തൊപ്പി മുങ്ങുകയായിരുന്നു. 

രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതോടെയാണ് തൊപ്പി എന്ന നിഹാദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കെതിരെ ഉയര്‍ന്നിട്ടുളളത്. കേസുമായി ബന്ധപ്പെട്ട് തൊപ്പിയുടെ യുട്യൂബ് ചാനൽ കഴിഞ്ഞ ദിവസം പൊലീസ് നിർദേശപ്രകാരം നീക്കം ചെയ്തിരുന്നു. 

ENGLISH SUMMARY:

Thoppi Gang Member 'Mammu' Arrested; YouTuber Nihad Faces Lookout Circular