സ്വർണ്ണക്കൊള്ളയിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണ്ണക്കൊള്ള ഇടതു സർക്കാരിന്റെ കാലത്താണെങ്കിലും  ചരട് കോൺഗ്രസിന്റെ കൈവശമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.  എഫ്.സി.ആർ.എ ബില്ലിന്റെ പേരിൽ ദുഷ്പ്രചാരണം നടക്കുകയാണെന്നും തിരുവല്ലയിലെ പൊതുസമ്മേളനത്തിൽ  അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇരുമുന്നണികളും ഒത്തുകളിക്കുകയാണെന്നും അതിന്റെ തെളിവാണ് സി.ബി.ഐക്ക് അന്വേഷണം വിടാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദു വിശ്വാസത്തെ കളങ്കപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. എന്നാൽ കോൺഗ്രസ് ഹിന്ദുക്കളുടെ അഭ്യുദയകാംക്ഷികളായി അഭിനയിക്കുകയാണ്.

​എഫ്.സി.ആർ.എ ബില്ലിനെതിരെ ദുഷ്പ്രചാരണം നടക്കുന്നു. കശ്മീർ ഫയൽസ്, കേരള സ്റ്റോറി, ദുരന്ധർ തുടങ്ങിയ സിനിമകൾ വന്നപ്പോഴും പൗരത്വ നിയമം നടപ്പിലാക്കിയപ്പോഴും നടന്നതിന് സമാനമായ പ്രചാരണമാണിത്. എന്നാൽ ബില്ലിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് അദ്ദേഹം കടന്നില്ല.

​ഗൾഫിലുള്ള ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രസ്താവനകളാണ് ചില കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. ഗൾഫ് രാഷ്ട്രത്തലവന്മാരെ പ്രകോപിപ്പിക്കുന്നു.  തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് വരും പോകും  ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

​ഇരുമുന്നണികളും വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി വിഘടനവാദത്തെ പിന്തുണയ്ക്കുന്നു. ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ പറഞ്ഞാൽ തീരില്ല. കഴിഞ്ഞ 50 വർഷം കൊണ്ട് നടപ്പിലാക്കാത്ത വികസനം അഞ്ചു വർഷം കൊണ്ട് ബിജെപി നടത്തി കാണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. തിരുവല്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണി കഴിഞ്ഞ അഞ്ചു വർഷമായി തനിക്കൊപ്പം പ്രവർത്തിക്കുന്ന കഴിവുള്ള ആളാണെന്നും അദ്ദേഹത്തെ തിരുവല്ലയ്ക്ക് സമർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

​ചങ്ങനാശേരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗ്ഗമാണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. അരലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പൊതുസമ്മേളനത്തിൽ പങ്കെടുത്തു