dharmadamcm

തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് രണ്ടാംഘട്ട പ്രചാരണത്തിനിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്കൽ കമ്മിറ്റികളിലെ പൊതുപരിപാടികൾ ഇന്നും നാളെയുമായി മുഖ്യമന്ത്രി പങ്കെടുക്കും. നുണകൾ അതിവേഗം പ്രചരിക്കുന്ന ഇക്കാലത്ത് സത്യത്തിന്റെ വക്താക്കളാവാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുൻനിശ്ചയ പ്രകാരം പത്തുമണിക്ക് തന്നെ മുഖ്യമന്ത്രി മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് എത്തി. പ്രവർത്തകരുടെ ആവേശ മുദ്രാവാക്യങ്ങളിൽ നിറയുന്നത് ധർമ്മടത്തിന്റെ ജനനായകനെന്ന്. സ്വാഗത പ്രസംഗം തീരാനെടുത്ത നിമിഷങ്ങളിൽ കുട്ടികളുമായി കുശലം പറച്ചിൽ. പിന്നെ പുഞ്ചിരിയോടെ സെൽഫിക്കുള്ള പോസുകൾ. പ്രസംഗിക്കാനായി എണീക്കവേ അപ്രതീക്ഷിതമായി ആദരിക്കാനെത്തിയ പ്രവർത്തകയോടും അതേ സ്നേഹ പുഞ്ചിരി. കേരളം കണ്ടുകൊണ്ടിരിക്കുന്ന പിണറായി വിജയനല്ല ധർമടത്തെ സ്ഥാനാർഥി പിണറായി വിജയൻ. സമയ പരിമിതി ഓർമിപ്പിച്ചു 10വർഷത്തെ നേട്ടങ്ങൾ ചുരുക്കി പറഞ്ഞു ഒത്തു കൂടിയവരോടും അവരുടെ ബന്ധു ജനങ്ങളോടും വോട്ട് അഭ്യർത്ഥിച്ചു മുന്നോട്ട്. 

മണ്ഡലത്തിലെ ഓരോ പാർട്ടി ലോക്കൽ കമ്മിറ്റിക്ക് കീഴിലും രണ്ടാം ഘട്ടത്തിൽ പിണറായി വിജയൻ വോട്ടഭ്യർത്ഥനയുമായി എത്തുന്നുണ്ട്. അതേ സമയം എതിർ സ്ഥാനാർഥിയുടെ പ്രചാരണ മുന്നേറ്റമാണ് മുഖ്യമന്ത്രിയെ രണ്ടാം ഘട്ട പ്രചാരണത്തിന് മണ്ഡലത്തിലേക്ക് എത്താൻ നിബന്ധിതനാക്കിയതെന്നാണ് യുഡിഫ് വാദം. 50123 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ധർമ്മടത്ത് നിന്ന് പിണറായി വിജയൻ വിജയിച്ചത്. ഇതിൽ ഒരു വോട്ട് കുറഞ്ഞാൽ പോലും അത് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക്‌ കാരണമാകും.

ENGLISH SUMMARY:

Chief Minister Pinarayi Vijayan is actively campaigning in his home constituency of Dharmadam with just five days left until the elections. He is participating in public events organized by local committees, urging everyone to be advocates for truth in an era of rapid misinformation.