aralamkattana

കണ്ണൂര്‍ ആറളം ചതിരൂരില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വാഴകള്‍ നശിപ്പിച്ചു. നീലായി സ്വദേശി തോമസിന്‍റെ 300 വാഴകളാണ് ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത്. നാട്ടുകാര്‍ കൂട്ടത്തോടെ ഇറങ്ങി പിന്നീട് ആനകളെ തുരത്തി.

പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ കൂട്ടത്തോടെയിറങ്ങിയത്.  കുലച്ചതും വിളവെടുക്കാന്‍ പാകമായതുമായ വാഴകള്‍ നിമിഷ നേരം കൊണ്ട് നശിപ്പിച്ചു. ആറളം വനമേഖലയിൽ നിന്ന് എത്തിയ ആനക്കൂട്ടം തൂക്കുവേലി മറികടന്നാണ് ജനവാസ മേഖലയിലേക്ക് കടന്നത്. തോമസിന്‍റെ വീട്ടുപറമ്പിലെ കയ്യാലയും തകർത്തു. സമീപവാസികളുടെ പറമ്പുകളിലും ആനകള്‍ തമ്പടിച്ചത് ഭീതി പരത്തി. നാട്ടുകാർ പടക്കം പൊട്ടിച്ചും പാത്രങ്ങൾ കൊട്ടിയുമാണ് ആനകളെ തുരത്തിയത്.

തുടര്‍ന്ന് കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. വനാതിർത്തിയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ സോളർ  വേലിയിൽ വൈദ്യുതിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ആശങ്കയോടെയാണ് പുറത്തിറങ്ങുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 

കാട്ടാന ശല്യം രൂക്ഷമായതോടെ വാളത്തോട് മുതൽ നീലായ് വരെ നാലര കിലോമീറ്റർ നീളത്തിൽ തൂക്കുവേലി നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Wild elephants have destroyed a large number of banana plants in the residential areas of Aaralam, Kannur. Locals managed to chase away the herd after they caused widespread damage to crops and property.