നിയമസഭ തിരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിന് നാല് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനം ഹൈവോള്‍ട്ടേജ് പ്രചാരണത്തിലേക്ക്. ബി.ജെ.പി ക്യാംപിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. തിരുവല്ലയില്‍ പൊതുയോഗത്തിലും തിരുവനന്തപുരത്ത് റോഡ് ഷോയിലുമാണ് ഇന്ന് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. വീണ്ടും താമര വിരിയുമെന്ന് ബി.ജെ.പി സ്വപ്നം കാണുന്ന തിരുവനന്തപുരത്ത് അവസാനവട്ട വോട്ടുകളും ഉറപ്പിക്കുകയെന്നതാണ് ഇന്നത്തെ മോദിയുടെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.
ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി അവിടന്ന് ഹെലികോപ്ടര്‍ മാര്‍ഗം വൈകിട്ട് മൂന്നിന് ചങ്ങനാശേരി എന്‍.എസ്.എസ് കോളജിലിറങ്ങും. തുടര്‍ന്ന് റോഡ് മാർഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ NDA സ്ഥാനാർഥികള്‍ പങ്കെടുക്കും.
അരലക്ഷത്തോളം പ്രവര്‍ത്തകരും പൊതുയോഗത്തില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് ആറ് മണിയോടെ കിള്ളിപ്പാലം ജംക്‌ഷന്‍ മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം റോഡ് ഷോയില്‍ പങ്കെടുക്കും. ബി. ജെ. പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ, മറ്റ് സ്ഥാനാര്‍ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തുടര്‍ന്ന് ജില്ലയിലെ എൻ. ഡി.എ സ്ഥാനാർഥികളുമായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി രാത്രി ഏഴിന് ഡൽഹിക്ക് മടങ്ങും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലായതോടെ യുഡിഎഫ് ക്യാംപിനെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നെത്തും. രാവിലെ 10.50ന് മുഹമ്മ കാവുങ്കലില്‍ പൊതുയോഗത്തില്‍ സംസാരിക്കും. പന്ത്രണ്ടരയ്ക്ക് കട്ടപ്പനയില്‍ റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനു വേണ്ടിയും കുന്നത്തുനാട് വി.പി സജീന്ദ്രനുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് സ്വന്തം മണ്ഡലമായ ധർമടത്ത്. എല്ലാ ലോക്കൽ കമ്മിറ്റി പരിധികളിലും മുഖ്യമന്ത്രി പര്യടനം നടത്തും. നാളെയും പര്യടനം തുടരും. രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി അവസാനിക്കുന്ന രീതിയിൽ മുഴുവൻ സമയ പ്രചാരണമാണ് ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മുഖ്യമന്ത്രി മണ്ഡലത്തിൽ തുടരും. ആറാം തിയതി നടക്കുന്ന റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും.