മലപ്പുറം വണ്ടൂരില്‍ ശശി തരൂർ എം.പിയുടെ വാഹനം തടഞ്ഞയാള്‍ അറസ്റ്റില്‍. കാളികാവ് സ്വദേശി ഉമ്മറാണ് അറസ്റ്റിലായത്. രണ്ടുപേര്‍ കൂടി കസ്റ്റഡിയിലുണ്ട്. തടയാൻ എത്തിയ സംഘം സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു തരൂര്‍.
കാറിലെത്തിയ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറഞ്ഞെന്നുമാണ് ഗൺമാന്‍ വണ്ടൂര്‍ പൊലീസില്‍ പരാതിനല്‍കിയത്. തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം കാര്‍ കുറുകെയിട്ടാണ് വാഹനം തടഞ്ഞത്. തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ വൈരാഗ്യമോ ഗൂഢാലോചനയോ ഉണ്ടോയെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരുടെ ഭാഗത്തുനിന്നും ഈ സംഘത്തിന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ പിടികൂടി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ പ്രകോപനത്തിനുള്ള യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.