പാലക്കാട്് യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലെ ബി.ജെ.പി അംഗം സിന്ധു രാജനെ ഒന്നാംപ്രതിയാക്കിയാണ് കേസ്. സിന്ധുവടക്കം മൂന്നുപേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയില്‍ വച്ചാണ് രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്. കോണ്‍ഗ്രസ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം പരസ്യ പ്രചാരണം അവസാനിക്കാന്‍ 5 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള താര പ്രചാരകര്‍ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും.
ശബരിമല സ്വര്‍ണക്കൊള്ള, സി.പി.എം–ബിജെപി ഡീല്‍ ആരോപണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയര്‍ത്തി എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും ഉയര്‍ത്തും. അവസാന ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര്‍ ശ്രദ്ധയൂന്നുക.
അതിനിടെ സിപിഎമ്മിനെതിരെ വ്യാജ വോട്ട് ആക്ഷേപം ഉയര്‍ത്തി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന്‍ ഹൈക്കോടതിയില്‍. ആബ്‌സന്റ് - ഡെത്ത് - ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിങ് ഓഫീസര്‍മാര്‍ക്ക് നല്‍കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണം. സിപിഎം കോട്ടകളില്‍ വ്യാജവോട്ടിന് സാധ്യതയുണ്ട്. സിപിഎം വന്‍തോതില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്നും ടി.കെ.ഗോവിന്ദന്‍ ആരോപിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.