കേരളത്തില്‍ എന്‍.ഡി.എ ഭരണം പിടിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ് മനോരമ ന്യൂസിനോട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്നും സാബു പറഞ്ഞു. 80 സീറ്റുകളില്‍ ശക്തമായ ത്രികോണ മല്‍സരമാണ്. എന്‍ഡിഎയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയായിരിക്കും തീരുമാനം. എന്‍.ഡി.എയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും.

 

Also Read: പ്രവാസി വോട്ടുകള്‍ വന്‍ തോതില്‍ കൂടി; വിമാന സര്‍വീസുകള്‍ അനിശ്ചിതത്വത്തില്‍; എങ്ങനെ വരും ?

താന്‍ അധികാരമോഹിയല്ലെന്ന് സ്ഥാനാര്‍ഥിയാകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സാബു പറഞ്ഞു. എം.എല്‍.എയോ മന്ത്രിയോ ആകാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. മുഖ്യമന്ത്രിയാകുന്ന സാബുജേക്കബിനേക്കാള്‍ ശക്തനാണ് ഒരു കിരീടവുമില്ലാത്ത ഇപ്പോഴത്തെ സാബു ജേക്കബെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

പരസ്യ പ്രചാരണം അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള താര പ്രചാരകര്‍ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും. ശബരിമല സ്വര്‍ണക്കൊള്ള, സി.പി.എം–ബിജെപി  ഡീല്‍ ആരോപണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയര്‍ത്തി എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും ഉയര്‍ത്തും. അവസാന ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര്‍ ശ്രദ്ധയൂന്നുക. 

ENGLISH SUMMARY:

Sabu Jacob predicts an NDA government in Kerala, with BJP state president Rajiv Chandrasekhar as a likely Chief Minister. He emphasizes a strong triangular contest in 80 constituencies and clarifies his own role as a non-aspirant for power.