Untitled design - 1

പ്രവാസി വോട്ടുകള്‍ വന്‍ തോതില്‍ കൂടിയെങ്കിലും വോട്ടര്‍മാരുമായി ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍. യുദ്ധസാഹചര്യവും അമിത വിമാനനിരക്കുമാണ് വെല്ലുവിളി. സാധാരണ കോഴിക്കോട് മാത്രം പത്തിലേറെ വോട്ട് വിമാനങ്ങള്‍ എത്തുന്നിടത്താണ് ഇൗ അവസ്ഥ. എങ്കിലും കൺവെൻഷനുകളിലൂടെയും സ്ക്വാഡ് പ്രവർത്തനങ്ങളിലൂടെയും പ്രവാസി സംഘടനകൾ ഗൾഫിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.

 

പരസ്യ പ്രചാരണം അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള താര പ്രചാരകര്‍ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും. ശബരിമല സ്വര്‍ണക്കൊള്ള, സി.പി.എം–ബിജെപി  ഡീല്‍ ആരോപണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയര്‍ത്തി എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും ഉയര്‍ത്തും. അവസാന ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര്‍ ശ്രദ്ധയൂന്നുക. 

 

Also Read: 'ഇതൊന്നും പേരാമ്പ്രയിൽ ഏശില്ല': അനൗൺസ്മെന്റ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഫാത്തിമ തെഹ്‍ലിയ

 

കോഴിക്കോട് പുറമേരിയില്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം. നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്‍റെ ഭാഗമായാണ് പിണറായി വിജയന്‍ പുറമേരിയില്‍ എത്തിയത്. ജില്ലയില്‍ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തെങ്കിലും തടിച്ചുകൂടിയ ജനക്കൂട്ടം പുറമേരിയില്‍ മാത്രമായിരുന്നു. യുഡിഎഫിന് ജനങ്ങളോട് പ്രതിബദ്ധതയില്ലെന്ന് മുഖ്യമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു

ENGLISH SUMMARY:

Malayala Manorama Online News highlights the surge in Pravasi votes amidst uncertainty surrounding flights from the Gulf due to war situations and high airfares. Despite these challenges, expatriate organizations are actively campaigning through conventions and squad activities.