തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാൻ ഏഴു ദിവസം ബാക്കിനിൽക്കെ വിവാദങ്ങൾ അടങ്ങാതെ പ്രചാരണം. നേമത്ത് സിപിഎമ്മിന് എസ്ഡിപിഐ പ്രഖ്യാപിച്ച പിൻതുണയും, ശബരിമല സ്വർണകൊള്ളയിലുള്ള വാക്പോരുമാണ് വോട്ടെടുപ്പിന് ഒൻപത് ദിവസം ശേഷിക്കെ സജീവമായി നിൽക്കുന്നത്. നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുക്കാതെ പിൻമാറിയതും പ്രതിപക്ഷം പ്രചാരണ ആയുധമാക്കും. രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും നാളെ സംസ്ഥാനത്തെത്തും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തലസ്ഥാനത്ത് ഇന്ന് പ്രചാരണത്തിനുണ്ട്.
ലോകോത്തര നിലവാരത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയർത്തുമെന്ന് സുപ്രധാന വാഗ്ദാനവുമായി എൽഡിഎഫിന്റെ പ്രകടനപത്രിക അന്തിമമായി. വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് തടയുന്നതിന് സഹായകരമാകുന്ന വിദ്യാഭ്യാസ ശൃംഖല രൂപീകരിക്കുന്നതാണ് ഒരു വാഗ്ദാനം എന്നാണ് സൂചന. ക്ഷേമ പെൻഷൻ ഉൾപ്പെടെ വർധിപ്പിക്കുന്നതും അടിസ്ഥാന ജനവിഭാഗങ്ങളെ ഒപ്പം നിർത്തുന്നതുമായ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉണ്ടെന്നാണ് വിവരം. ദാരിദ്ര്യം നിർമാർജനം , കെ ഫോൺ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിൽ ഉണ്ടാകും.
എന്നാൽ കോൺഗ്രസ് വാഗ്ദാനം ചെയ്തതുപോലെ കെഎസ്ആർടിസിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം എൽഡിഎഫിന്റെ പ്രവർത്തനപത്രികയിൽ ഇല്ലെന്നാണ് സൂചന. കോഴിക്കോട് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പുറത്തിറങ്ങും. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിലെത്തും. എൽഡിഎഫ് കടുത്ത മൽസരം നേരിടുന്ന നാല് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നത്. 63 വർഷം പാർട്ടി അംഗവും രണ്ടു തവണ ഇടതുമന്ത്രിസഭയുടെ ഭാഗവുമായിരുന്ന ജി.സുധാകരൻ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ മൽസരിക്കാനിറങ്ങിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്.
ഇടതുമുന്നണി സ്ഥാനാർഥി എച്ച്. സലാമിനു വേണ്ടി അമ്പലപ്പുഴയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്. മണ്ഡലത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ ഏറെയുള്ള വളഞ്ഞ വഴിയിലാണ് ഉച്ചകഴിഞ്ഞ് 3 ന് മുഖ്യമന്ത്രിയുടെ പൊതുയോഗം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മൽസരിക്കുന്ന മുൻ സഖാവ് ജി.സുധാകരനെക്കുറിച്ച് അമ്പലപ്പുഴയിലെത്തുമ്പോൾ പിണറായി എന്തു പറയും എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പര്യടനത്തിന് മുൻപ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം രാവിലെ 10ന് ഹരിപ്പാട് സൗഗന്ധിക ഹോട്ടലിൽ നടക്കും. തുടർന്ന് കായംകുളത്താണ് ആദ്യ പൊതുയോഗം. അമ്പലപ്പുഴയിൽ നിന്ന് കുട്ടനാട്ടിലെത്തുന്ന പിണറായി നെടുമുടിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. വൈകിട്ട് ആറിന് അരൂർ നാലുകുളങ്ങര ജങ്‌ഷനിലെ സമ്മേളനത്തിലും പ്രസംഗിക്കും.