എന്‍ഡിഎ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്‍റ് കെ.സുരേന്ദ്രനാണ് ഇവിടെ മുന്നണി സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 745 വോട്ടിന് പരാജയപ്പെട്ട സുരേന്ദ്രന്‍ ഇക്കുറി മണ്ഡലം പിടിക്കുമോ? പ്രയാസമാകുമെന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി എ.കെ.എം.അഷ്റഫ് മണ്ഡലം നിലനിര്‍ത്താന്‍ സാധ്യത ഏറെയാണെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.

കാസര്‍കോട് നില

ആകെ 5 മണ്ഡലങ്ങളുള്ള കാസര്‍കോട് ജില്ലയില്‍ എല്‍ഡിഎഫിനാണ് സര്‍വേയില്‍ മേല്‍ക്കൈ. രണ്ട് മുതല്‍ നാലുസീറ്റ് വരെ എല്‍ഡിഎഫിന് പ്രവചിക്കുന്നു. യുഡിഎഫിന് ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകളും കിട്ടിയേക്കാം. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയാണ് പ്രവചനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ലഭിക്കാന്‍ സാധ്യത യുഡിഎഫിനാണ്. 39 ശതമാനം. 2021നെ അപേക്ഷിച്ച് നേരിയ വര്‍ധന. എല്‍ഡിഎഫിന് 34 ശതമാനം വോട്ട് കിട്ടുമെന്ന് സര്‍വേ പറയുന്നു. 2021ലേതിനെക്കാള്‍ നാലുശതമാനം കുറവ്.

മഞ്ചേശ്വരമടക്കം സ്വാധീനമേഖലകള്‍ ഉള്ളതിനാല്‍ എന്‍ഡിഎയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചേക്കും. എന്നാല്‍ മഞ്ചേശ്വരത്തെ സര്‍വേ സൂചനകള്‍ അനുകൂലമല്ല. പ്രധാന മുന്നണികള്‍ക്ക് പുറമേയുള്ള കക്ഷികളും സ്വതന്ത്രരും 5 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

Read Also : കണ്ണൂരില്‍ ചുവപ്പ് മായുന്നോ? ആധിപത്യം ആര്‍ക്ക്? മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം...

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Manorama News-C Voter pre-poll survey suggests that the UDF is likely to retain the key Manjeshwaram constituency, posing a challenge to BJP’s K. Surendran despite his narrow loss in 2021. Across the five seats in Kasaragod district, the LDF holds a slight edge with a projection of 2 to 4 seats, while the UDF follows closely with an estimate of 1 to 3 seats. Interestingly, the UDF is predicted to lead in total vote share at 39%, whereas the LDF's share is expected to drop to 34% compared to the previous election. The NDA is projected to secure a 21% vote share in the district, with the possibility of winning up to one seat.