Untitled design - 1

ജമാഅത്ത് ഇസ്ലാമിയെ വിമർശിച്ചതാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥിത്വത്തില്‍ നിന്ന് എം. കെ. മുനീറിനെ അനഭിമതനാക്കിയതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ലീഗ് സ്ഥാനാര്‍ഥി പട്ടിക വരുന്നതിന് തലേ ദിവസം വരെ മുനീര്‍ പറഞ്ഞത് മത്സരിക്കാന്‍ സന്നദ്ധനാണെന്നും പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നുമായിരുന്നെന്നും കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊട്ടുപിന്നാലെ കരീമിന് മറുപടിയുമായി മുനീര്‍ രംഗത്തെത്തി. തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം കരീമിന് എവിടുന്ന് കിട്ടിയെന്നായിരുന്നു മുനീറിന്റെ ചോദ്യം. ഇടതുപക്ഷത്തിന് അനുകൂലമായി ഒന്നുമില്ല, അപ്പോള്‍ കഥ മെനയും. ആരുടെയും ഇംഗിതത്തിന് അനുസരിച്ചല്ല ലീഗ്. ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ജമാഅത്ത് ഇസ്ലാമിക്കു സാധിക്കുമെന്ന് കരുതുന്നുണ്ടോെന്നും മുനീര്‍ ചോദിച്ചു. 

 

Also Read: കുന്ദമംഗലം തിരിച്ചുപിടിക്കാൻ മുസ്ലിം ലീഗ്; ആത്മവിശ്വാസത്തിന് കുറവൊന്നുമില്ലാതെ പിടി റഹീം


മുസ്‍‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൊടുവള്ളി എംഎൽഎയും മുൻ മന്ത്രിയുമായ എം.കെ.മുനീര്‍ ഇത്തവണ നിയമസഭയിലേക്കു മത്സരത്തിനിറങ്ങിയിരുന്നില്ല. മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ മകനായ മുനീർ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് 5 തവണയായി 25 വർഷമാണു നിയമസഭയിലുണ്ടായിരുന്നത്. 

 

2001– 2006ൽ പൊതുമരാമത്ത് മന്ത്രിയും 2011–16ൽ പഞ്ചായത്ത്–സാമൂഹികനീതി മന്ത്രിയുമായിരുന്നു. 1991ൽ കോഴിക്കോട് 2 (ഇന്നത്തെ സൗത്ത്), 1996ലും 2001ലും മലപ്പുറം, 2016ൽ കോഴിക്കോട് സൗത്ത്, 2021ൽ കൊടുവള്ളി എന്നീ മണ്ഡലങ്ങളിൽനിന്നു നിയമസഭയിലെത്തി. 2006ൽ മങ്കടയിൽ പരാജയപ്പെട്ടു. കാർട്ടൂണിസ്‌റ്റ്, ചിത്രകാരൻ, ഗായകൻ, ഗ്രന്ഥകാരൻ, മാധ്യമ സംരംഭകൻ, പ്രസാധകൻ തുടങ്ങി വ്യത്യസ്‌ത മേഖലകളിൽ പ്രതിഭ തെളിയിച്ചു. ലീഗ് ഉന്നതാധികാരസമിതി അംഗമായ മുനീർ സംസ്ഥാന സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ENGLISH SUMMARY:

MK Muneer's denial of a seat is being debated, with Elamaram Kareem suggesting it's due to his criticism of Jamaat-e-Islami. Muneer has responded, questioning Kareem's source of information and asserting the Muslim League's independence.