തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോളില്ലാതെ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായ ശേഷം പൊതുവേദികളില്‍ സജീവമല്ലാത്ത ആര്യ ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിനാണ് ആദ്യമായെത്തിയത്. പക്ഷെ കാഴ്ചക്കാരിയുടെ റോള്‍ മാത്രമായിരുന്നു മുന്‍ മേയര്‍ക്കുണ്ടായിരുന്നത്.
സി.പി.എം ആവേശത്തോടെ നടത്തിയ പരീക്ഷണമായിരുന്നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. പക്ഷെ അഞ്ചുവര്‍ഷത്തെ മേയര്‍ ഭരണത്തിന് ശേഷം ആര്യക്ക് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല. അന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് നിയമസഭ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന്.
ആര്യയുടെ ഭരണത്തോടെ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കാവിക്കൊടി പാറിയതോടെ നിയമസഭയിലേക്ക് പേര് പോലും പരിഗണിച്ചില്ല. അങ്ങിനെ ഒതുങ്ങിപ്പോയ മുന്‍ മേയറെ ഇന്നലെ പൂജപ്പുരയിലെ പൊതുയോഗ മൈതാനത്ത് കണ്ടു. സ്ഥാനാര്‍ഥി വരും മുന്‍പെ സ്ഥലത്തെത്തി. ഉദ്ഘാടകന്‍ വന്നപ്പോളേക്കും കാഴ്ചക്കാരിയായി മൈതാനത്തെ ഒരു കോണിലേക്ക് മാറി. മുന്നണിയിലെ പ്രധാന നേതാക്കളൊക്കെ വേദിയിലെത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുന്‍ മേയര്‍ അപ്പോളും കസേരയില്‍ പോലും ഇരിക്കാതെ ഒരു മൂലയില്‍ തന്നെ.
എം.എ.ബേബിയുടെ പ്രസംഗം ഒന്നര മണിക്കൂറും പിന്നിട്ട് തുടര്‍ന്നതോടെ നേരം ഇരുട്ടിത്തുടങ്ങി. മടുക്കാതെ മുന്‍ മേയര്‍ അവിടെ തന്നെ. ഒടുവില്‍ പ്രസംഗം കഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് നേമം പ്രകടന പത്രിക പുറത്തിറക്കി. അതും കാഴ്ചക്കാരിയായ നിന്ന് കണ്ട മുന്‍ മേയര്‍. എം.എ. ബേബിയും ശിവന്‍കുട്ടിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങും മുന്‍പ് തന്നെ തിരികെ നടന്നു.