ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
'അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു' - അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.